മുംബൈ: അയോധ്യ കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെ വിഷയം സിനിമയാക്കാനൊരുങ്ങി ബോളിവുഡ് താരം കങ്കണ റണൗത്ത്. എന്നാല്‍ അഭിനയത്തിന് പകരം നിര്‍മ്മാണത്തിലാണ് കങ്കണ ഈ പ്രാവശ്യം കൈവെയ്ക്കുന്നത്.
‘അപരാജിത അയോധ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബാഹുബലി ഒരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തിക്കാനാണ് തീരുമാനം.
മുംബൈ മിറര്‍ ആണ് ഈക്കാര്യം പുറത്തുവിട്ടത്. നൂറുകണക്കിനു വര്‍ഷങ്ങളായി രാമക്ഷേത്രം കത്തുന്ന വിഷയമാണെന്നും 80 കളില്‍ ജനിച്ച ഒരു കുട്ടിയെന്ന നിലയില്‍, അയോധ്യ എന്ന പേര് ഒരു നെഗറ്റീവ് അര്‍ത്ഥത്തിലാണ് കേട്ടുവളര്‍ന്നതെന്നും കങ്കണ പറയുന്നു.
ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമി പിന്നീട് ഒരു സ്വത്ത് തര്‍ക്ക വിഷയമായതെന്നും ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നും കങ്കണ പറഞ്ഞു. ഒടുവില്‍ ഇന്ത്യയുടെ മതേതര മനോഭാവത്തെ ഉള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നതെന്നും കങ്കണ പറയുന്നു.
അയോധ്യയെ കുറിച്ച് നിരവധി ഡോക്യുമെന്ററികള്‍ ഇതിനകം വന്നിട്ടുണ്ടെന്ന് അറിയാമെന്നും എന്നാല്‍ മറ്റുള്ളവയില്‍ നിന്ന് തന്റെ ചിത്രം ഏറെ വ്യത്യസ്തമായിരിക്കുമെന്നും താരം പറഞ്ഞു. വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോധ്യ’ പറയുന്നത്, തന്റെ ജീവിതം തന്നെ പ്രതിഫലിക്കുന്നതാണ് സിനിമയെന്നും കങ്കണ പറഞ്ഞു.
നേരത്തെ കങ്കണ അഭിനയിച്ച മണികര്‍ണിക എന്ന ചരിത്ര സിനിമയില്‍ കങ്കണ അഭിനയിച്ചിരുന്നു. നിലവില്‍ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയിലാണ് താരം അഭിനയിക്കുന്നത്.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും കെ.വി വിജയേന്ദ്രപ്രസാദാണ്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.