ദിസ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന അപാര്‍ എന്ന വണ്‍ നാഷന്‍ വണ്‍ സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത് തുടരുമെന്ന് അസം സര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് പുറകില്‍ നിരവധി ആശങ്കകള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അസം സര്‍ക്കാരിന്റെ ഉത്തരവ്.
പുതിയ സംവിധാനം വിദ്യാര്‍ത്ഥികള്‍ക്കല്ല, വിദ്യാഭ്യാസ കമ്പനികള്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കുമെന്നും വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കാന്‍ ഇടയാക്കുമെന്നും ആക്ടിവിസ്റ്റുകള്‍ ആശങ്ക അറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെയും സ്വകാര്യതയെയും വ്യക്തി വിവരങ്ങളെയും അനധികൃതമായി ട്രാക്ക് ചെയ്യാനിടയാക്കുമെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങളുള്‍പ്പെടെ എല്ലാ വിവരങ്ങളും ഓണ്‍ലൈനായി സൂക്ഷിക്കുന്നതിന്റെയും പ്രസിദ്ധീകരിക്കുന്നതിന്റെയും ആശങ്കകള്‍ അധികൃതരും വിദ്യാര്‍ത്ഥികളും പ്രകടിപ്പിച്ചു.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയില്‍ നിന്നും രാജ്യം വളരെ അകലായാണെന്നും നിലവില്‍ അപാര്‍ പോലെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത് മറ്റ് സാങ്കേതിക വിദ്യകളുടെ കുറവുകള്‍ മറച്ചുവെക്കാനുള്ള നടപടിയാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതെന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര കുറവില്‍ നിന്നും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ബീഹാറുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയില്ലാത്തത് കാരണം ബാങ്കുകള്‍ ആക്‌സസ് ചെയ്യാനുള്ള അവസരം പോലും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ അപാര്‍ പോലെയുള്ള സംവിധാനങ്ങള്‍ തെറ്റായി ഉപയോഗിക്കാനും വിവരങ്ങള്‍ പരസ്യമാകാനും സാധ്യതയുണ്ടെന്ന ആശങ്കകളാണ് അധികൃതര്‍ പറയുന്നത്.
സ്‌കൂള്‍ അധികൃതര്‍ പോലും ഡിജിറ്റല്‍ സാക്ഷരത നേടിയിട്ടില്ലെന്നും അപാറിന് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും അപ്രായോഗികമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓട്ടോമേറ്റഡ് പെര്‍മെനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ രജിസ്ട്രി സംവിധാനമാണ് അപാര്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ കാലയളവില്‍ നേടുന്ന ക്രഡിറ്റുകള്‍ സൂക്ഷിച്ചുവെക്കാനുള്ള ഓണ്‍ലൈന്‍ സിസ്റ്റമാണിതെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ 2020ല്‍ നല്‍കിയ ശുപാര്‍ശയുടെ വിപൂലീകരണമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
അപാര്‍ സംവിധാനത്തിനനുസൃതമായി നല്‍കുന്ന പന്ത്രണ്ടക്ക നമ്പര്‍ വിദ്യാര്‍ത്ഥികള്‍ ആധാര്‍ നമ്പറുപയോഗിച്ച് ആക്‌സസ് ചെയ്യണമെന്നും സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള ക്രഡിറ്റുകള്‍ ഈ സംവിധാനത്തില്‍ രേഖപ്പെടുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.
2023ലാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും നടപ്പിലാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു 2024 ഫെബ്രുവരിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അവകാശപ്പെട്ടിരുന്നത്. അപാര്‍ നടപ്പിലാക്കുന്ന ഏജന്‍സിയുടെ പേരോ വിവരങ്ങളോ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനും ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രിയുമായിരിക്കും സംവിധാനത്തെ നിയന്ത്രിക്കുക എന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
Content Highlight: Apar new ID for school students; Activists expressed concern