| Thursday, 17th March 2022, 9:06 am

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം യുവജന നേതാവ് മുഹമ്മദലി കിനാലൂര്‍; നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്‌ലിമിനെ രാജ്യസഭയില്‍ അയക്കാന്‍ തയാറാകുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവു വന്ന സീറ്റിലേക്ക് മുസ്‌ലിം പ്രാതിനിധ്യം പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം യുവജന നേതാവും എസ്.എസ്.എഫ് മുന്‍ സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍.

കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം മാധ്യമങ്ങളില്‍ കത്തിനില്‍ക്കുന്ന ദിവസം തന്നെ എ. എ. റഹീം എന്ന യുവനേതാവിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു എന്നത് യാദൃച്ഛികമാകാമെന്നും മറുഭാഗത്ത് കോണ്‍ഗ്രസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സമുദായത്തിന്റെ തലയിലെ തട്ടം പോലും ഭരണകൂടവും ന്യായാസനവും ചേര്‍ന്ന് ഊരിവാങ്ങുന്ന കാലത്ത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്‌ലിമിനെ രാജ്യസഭയില്‍ അയക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസിന്റെ കേരളത്തിലെ വോട്ടിങ് ശതമാനത്തില്‍ മുസ്‌ലിങ്ങളുടേതായി കാര്യമായ വിഹിതമുണ്ടെന്നും അവര്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കാന്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്നും മുഹമ്മദലി കിനാലൂര്‍ കൂട്ടിച്ചേര്‍ത്തു.

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

കര്‍ണാടക ഹൈകോടതിയുടെ ഹിജാബ് നിരോധനം മാധ്യമങ്ങളില്‍ കത്തിനില്‍ക്കുന്ന ദിവസം തന്നെ, എ. എ. റഹീം എന്ന യുവനേതാവിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു എന്നത് യാദൃച്ഛികമാകാം. പക്ഷേ ഇന്നേരത്ത് മുസ്‌ലിം സമുദായത്തോട് ഇമ്മട്ടില്‍ ഐക്യപ്പെടാന്‍ സി.പി.ഐ.എമ്മിന് മാത്രമേ കഴിയൂ എന്ന് പറയാതെ വയ്യ.

മുസ്‌ലിം എന്ന പരിഗണനയിലല്ല സി.പി.ഐ.എം റഹീമിന് രാജ്യസഭാ സീറ്റ് നല്‍കിയത് എന്നുറപ്പാണ്. അങ്ങനെ ജാതിയും മതവും നോക്കി രാജ്യസഭാ സീറ്റ് വീതം വെക്കുന്ന ശീലം ആ പാര്‍ട്ടിക്കില്ലല്ലോ. എ. എ. റഹീം മതം പ്രാക്ടീസ് ചെയ്യുന്ന ഒരാളല്ല എന്നും വ്യക്തമാണ്. പക്ഷെ രാജ്യസഭയില്‍ എളമരം കരീം ഉണ്ടായിരിക്കെ തന്നെ ജനനം കൊണ്ട് മുസ്‌ലിമായ മറ്റൊരാളെ കൂടി സി.പി.ഐ.എം ഉപരിസഭയില്‍ എത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക സി.പി.ഐ.എം അംഗവും മുസ്‌ലിം ആണല്ലോ. മുസ്‌ലിം അപരവത്കരണം അപകടകരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന നാളുകളില്‍ തന്നെ റഹീമിനെ രാജ്യസഭാ സ്ഥാനാര്‍ഥി ആയി നിശ്ചയിക്കാന്‍ പാര്‍ട്ടി കാണിച്ച നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും സല്യൂട്ട് അര്‍ഹിക്കുന്നു. മറുഭാഗത്ത് കോണ്‍ഗ്രസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഒരൊറ്റ മുസ്‌ലിം അംഗം പോലുമില്ല എന്നോര്‍ക്കണം. സമുദായത്തിന്റെ തലയിലെ തട്ടം പോലും ഭരണകൂടവും ന്യായാസനവും ചേര്‍ന്ന് ഊരിവാങ്ങുന്ന കാലത്ത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്‌ലിമിനെ രാജ്യസഭയില്‍ അയക്കാന്‍ തയാറാകുമോ കോണ്‍ഗ്രസ് നേതൃത്വം? പ്രതീക്ഷിക്കാന്‍ വകയില്ല. അമ്മട്ടില്‍ മുസ്‌ലിം സമുദായത്തോട് പുറംതിരിഞ്ഞു നില്‍പ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റയില്‍ ടി. സിദ്ദീഖിന്റെ സീറ്റ് ഉറപ്പിക്കാന്‍ എന്തുമാത്രം സമ്മര്‍ദങ്ങള്‍ സമുദായം ചെലുത്തേണ്ടിവന്നു എന്നത് മറന്നിട്ടില്ല. മുസ്‌ലിം സമുദായം പിറകെ നടന്നു പരാതി പറയുന്നില്ല എന്നതുകൊണ്ട് അവരോട് എന്തുമാകാം എന്ന മനോനില പങ്കിടുന്നവരാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്.

മലപ്പുറം ജില്ലയില്‍ പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിച്ചപ്പോള്‍ പോലും ആ അവഗണന കണ്ടു! സമുദായം നോക്കിയല്ല ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത് എന്ന അവകാശവാദവുമായി ആരും ഇതുവഴി വരേണ്ട. കോട്ടയത്ത് ഒരു മുസ്‌ലിം ഡി.സി.സി പ്രസിഡന്റ് ആകുന്ന കാലത്ത് ഞാനത് വിശ്വസിച്ചോളാം. സാമുദായിക പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വര്‍ഗീയത പറയുന്നേ എന്ന് കലഹപ്പെടാനും ആരും മെനക്കെടേണ്ട.

കോണ്‍ഗ്രസിന്റെ കേരളത്തിലെ വോട്ടിങ് ശതമാനത്തില്‍ കാര്യമായ വിഹിതമുണ്ട് മുസ്‌ലിങ്ങളുടേതായി. അവര്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കാന്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. നായന്മാരുടെയും ക്രിസ്ത്യാനികളുടെയും മാത്രം വോട്ട് വാങ്ങി വിജയിക്കുന്നു എന്ന മട്ടിലാണ് കോണ്‍ഗ്രസ് സീറ്റുകള്‍ വീതം വെക്കാറുള്ളത്.

കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായം കൂടി വോട്ട് നല്‍കിയാണ്. അവരോട് നീതി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ഇതാണ് സന്ദര്‍ഭം. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം രാജ്യസഭയിലേക്കെങ്കിലും ഒരു മുസ്‌ലിമിനെ പരിഗണിക്കുമോ? 1984 നു ശേഷം ഒരു മുസ്‌ലിമിനെ കോണ്‍ഗ്രസ് ഉപരിസഭയില്‍ എത്തിച്ചിട്ടില്ല എന്നതും ഇതോട് ചേര്‍ത്തുവായിക്കണം.


Content Highlight: AP Youth Leader Muhammadali Kinaloor criticizes Congress  leadership 

We use cookies to give you the best possible experience. Learn more