|

നിര്‍ഭയ കേസിലെ വക്കീല്‍ ഹാത്രാസില്‍ സവര്‍ണ സംഘടനകള്‍ക്ക് വേണ്ടി വാദിക്കും; നിയോഗിച്ചത് മുന്‍ കേന്ദ്രമന്ത്രിയുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ച വക്കീല്‍ ഹാത്രാസ് കേസില്‍ സവര്‍ണ സംഘടനകള്‍ക്ക് വേണ്ടി വാദിക്കും.  നിര്‍ഭയ കേസിലെ വക്കീല്‍ എ.പി സിങാണ് ഹാത്രാസ് കേസിലും നാല് പ്രതികള്‍ക്ക് വേണ്ടി ഹാജരാവുക

അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാത്രാസ് കേസില്‍ എ.പി സിങിന് വക്കാലത്ത് നല്‍കിയത്. മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭ.

ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എ.പി സിങിന്റെ വക്കീല്‍ ഫീസിനായി സംഘടന വന്‍ തുക പിരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രജ്പുത് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ ഹാത്രാസ് കേസ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ രജ്പുത് വിഭാഗത്തെ ജാതീയമായി ആക്രമിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും പറയുന്നു.

കേസില്‍ പക്ഷപാതപരമല്ലാത്ത അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സവര്‍ണ സംഘടനകള്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഞായറാഴ്ച്ച ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചില സവര്‍ണ സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഞായറാഴ്ച്ച ഹാത്രാസ് എം.പി രജ്‌വീര്‍ സിങ് ദില്ലര്‍ കേസിലെ നാല് പ്രതികളെയും അലിഗഡ് ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ താന്‍ ആരെയും കാണാനല്ല ജയിലില്‍ എത്തിയത് ജയിലര്‍ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചതുകൊണ്ട് മാത്രം പോയതാണെന്നായിരുന്നു മാധ്യമങ്ങളോട് ബി.ജെ.പി എം.എല്‍.എ പ്രതികരിച്ചത്.

2012ല്‍ ദല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥി നിര്‍ഭയയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എ.പി സിങ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.

ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെയും യു.പി സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹാത്രാസ് വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഹാത്രാസ് കേസില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ യു.പി പൊലീസ് ഇത്തരത്തില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AP Singh, lawyer of Nirbhaya convicts, to defend Hathras gangrape case accused

Video Stories