കോട്ടക്കല്‍: എല്ലാ മത വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ചരിത്രവും സംസ്‌കാരവും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഏതുഭാഗത്തുനിന്നുണ്ടായാലും അതിനെ ശക്തമായി നേരിടണമെന്നും മതമൈത്രിയും മതസഹിഷ്ണുതയും കൊണ്ടാണ് ലോകം നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുന്നതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസിസ് ഭീകരവാദികള്‍ക്ക് ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കാന്‍ പോലും അര്‍ഹതയില്ല. ഈ ഭീകര പ്രവര്‍ത്തനങ്ങളുമായി ഇസ്‌ലാമിനോ മുസ്‌ലീങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല ഭീകര പ്രവര്‍ത്തനങ്ങളിലൂടെയല്ല ഇസ്‌ലാം വളര്‍ന്നത്. ഭീകരവാദത്തെയും അതിന് സാഹചര്യമൊരുക്കുന്നവരെയും എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരതകളിലൂടെ ഭീകരത ആഘോഷിക്കുന്നവര്‍ ഇരുളടഞ്ഞ ഭാവിയും അപകടകരമായ സന്ദേശവുമാണ് നല്‍കുന്നത്. സമാധാനത്തിനും സൃഹൃദത്തിനും വേണ്ടിയാണ് പണ്ഡിതന്‍മാര്‍ നിലകൊള്ളേണ്ടതെന്നും രാജ്യത്തിന്റെ പൊതു നന്മയ്ക്കായി എല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.