| Saturday, 14th April 2018, 2:11 pm

കേരളവും വെര്‍ച്വല്‍ റേപ്പിന്റെ പിടിയിലെന്ന് പൊലീസ്; ഇരകളില്‍ മാധ്യമപ്രവര്‍ത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥകളും

എ പി ഭവിത

ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ചെറുപ്പക്കാരിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഗ്രൂപ്പംഗങ്ങള്‍ കൂട്ടമായി അശ്ലീലം പറയുന്നു. പിന്നീട് ഒരംഗം വീട്ടില്‍ ജോലി ചെയ്യുന്ന അമ്മയുടെ ഫോട്ടോ ഇടുന്നു. ഗ്രൂപ്പ് അംഗങ്ങള്‍ വീണ്ടും എത്തുന്നു. അശ്ലീല കമന്റുകള്‍ ഓരോന്നായി പോസ്റ്റ് ചെയ്യുന്നു. കൂട്ട മാനഭംഗം ചെയ്യേണ്ടതെങ്ങനെയെന്ന് ചാറ്റ് ചെയ്യുന്നു. റേപ്പിന്റെ വെര്‍ച്വല്‍ രൂപം. ഇത് വെറും കഥയല്ല.കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. മുന്നറിയിപ്പ് നല്‍കുന്നത് സംസ്ഥാന പോലീസാണ്.

നേരിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല സ്ത്രീകള്‍ക്കെതിരെ നടക്കുന്നതെന്നാണ് മുകളില്‍ പറഞ്ഞ സംഭവം സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉയരുന്നതിനനുസരിച്ച് രീതികളും മാറുന്നു. കേരളവും വെര്‍ച്വല്‍ റേപ്പിന്റെ പിടിയിലാണെന്ന് സംസ്ഥാന പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവരാണ് വെര്‍ച്വല്‍ റേപ്പിലെ “ഇര”കള്‍. ഇതിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ചിലരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു മീന എന്ന വ്യാജ ഐഡി ഉപയോഗിച്ചിരുന്ന യുവാവ് പോലീസ് വലയില്‍ കുടുങ്ങി. ഇയാളുടെ ഫോണും ലാപ് ടോപ്പുമടക്കമുള്ളവ പോലീസ് പിടിച്ചെടുത്തതോടെയാണ് പോലീസിന് വെര്‍ച്വല്‍ ഗ്രൂപ്പ് റേപ്പ് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചത്. ഷാഡോ പോലീസിന്റെ അന്വേഷണത്തില്‍ ഈ വലയില്‍ കണ്ണികളായ കൂടുതല്‍ പേരെ കണ്ടെത്തി. ഇവരില്‍ പലരും ഈ മാനസിക വൈകല്യത്തിന് അടിമകളായി മാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഓരോ ദിവസവും ഇങ്ങനെ ഓരോ ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നു. ബാലനടികള്‍ ഉള്‍പ്പെടെയുള്ള സിനിമാ നടികള്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിങ്ങനെ പൊതുസമൂഹത്തില്‍ പ്രശസ്തരായവരുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് കൂട്ടം ചേര്‍ന്നുള്ള വെര്‍ച്വല്‍ റേപ്പ് അടുത്ത ബന്ധുക്കളുടെ മുതല്‍ അപരിചിതരായ സ്ത്രീകളുടെ ഫോട്ടോകള്‍ വരെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. മോര്‍ഫ് ചെയ്യാതെയാണ് ചിത്രങ്ങള്‍ പോസ്ററ് ചെയ്യുക.


Also Read: ഗോപിനാഥ പിള്ള: ‘മകന്‍ തീവ്രവാദിയായിരുന്നില്ല; മുസ്‌ലിമായിരുന്നു’ എന്ന് തെളിയിക്കാന്‍ പോരാടിമരിച്ച ഹിന്ദുവായ ഒരച്ഛന്റെ കഥ


ഓരോ ദിവസവും പുതിയ ഫോട്ടോകളാണെങ്കിലും ചില രാഷ്ട്രീയ നേതാക്കള്‍ പോലീസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ ഇവരുടെ സ്ഥിരം ഇരകളാണ്. ഫേസ്ബുക്കില്‍ സ്ഥിരമായി ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നവരെ സംഘാംഗങ്ങള്‍ ഫോളോ ചെയ്യും. ഈ ചിത്രങ്ങള്‍ സേവ് ചെയ്തും, ഇന്‍സ്റ്റഗ്രാമില്‍ നിന്നാണെങ്കില്‍ സ്‌ക്രീന്‍ ഷോട്ടെടുത്തും കൈമാറുകയാണ് ചെയ്യുന്നത്.

വ്യാജ ഐഡികളിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുകയും അത് ഉപയോഗിച്ച് അശ്ലീല ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കുകയുമാണ് ചെയ്യുന്നത്. സീക്രട്ട് ഗ്രൂപ്പുകളിലാണെങ്കില്‍ പിടിക്കപ്പെടില്ലെന്ന തെറ്റിദ്ധാരണയിലാണ് വ്യാജ ഐഡികള്‍ വഴിയുള്ള അശ്ലീല പരാമര്‍ശങ്ങള്‍. പത്ത് പേരുള്ള സീക്രട്ട് ഗ്രൂപ്പുകള്‍ മുതല്‍ നൂറുകണക്കിന് പേര്‍ അംഗങ്ങളായ സീക്രട്ട് ഗ്രൂപ്പുകള്‍ വരെയുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സിനിമാ താരങ്ങളായിരുന്നു നേരത്തെ ഇത്തരക്കാരുടെ ഇരകളെങ്കില്‍ റിയല്‍ എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ തുടങ്ങി പൊതു സമൂഹത്തില്‍ പരിചിതരായ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ സ്ത്രീകളെയാണ് ഇപ്പോള്‍ ലൈംഗികാനന്ദത്തിന് വേണ്ടി ചിത്രങ്ങള്‍ സഹിതം അശ്ലീല പരാമര്‍ശങ്ങള്‍ക്ക് വിധേയരാക്കുന്നത്. ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണിതെന്നും, പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കാവുന്നതാണെന്നും അറിയാതെയാണ് മിക്കവരുടെയും പരാക്രമം. രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ള വനിതകളുടെ ചിത്രങ്ങള്‍ പോലും ഇവരുടെ കമന്റുകളില്‍ അശ്ലീലമായി മാറും.

കൗമാരപ്രായത്തിലുള്ളവരും വിവാഹിതരും മുതല്‍ വാര്‍ധക്യത്തിലെത്തിയവര്‍ വരെ ഇത്തരം ഗ്രൂപ്പുകളിലുണ്ട്. വിദേശ മലയാളികളും ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പോലീസ് പറയുന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളും, മെസഞ്ചര്‍ ഗ്രൂപ്പുകളും, വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഇതിനായി തുടങ്ങിയിട്ടുണ്ട്. ഇതൊന്നും പോലീസിന്റെയോ മറ്റാരുടെയുമോ ശ്രദ്ധയില്‍ പെടില്ലെന്ന ധാരണയിലാണ് ഇവരുടെ നീക്കങ്ങള്‍. സൈബര്‍ നിയമങ്ങളില്‍ വന്ന ചില പഴുതുകള്‍ മൂലം ഇതില്‍ ശിക്ഷിക്കപ്പെടില്ലെന്ന ധാരണ പരത്തിയാണ് കൂടുതലാളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്നും പൊലീസ് പറയുന്നു.

എപ്പോഴും മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലും മുഴുകിയിരിക്കുന്ന മകനും ഭര്‍ത്താവുമൊക്കെ സ്ത്രീകളെ അപമാനിക്കുന്നതിനും, അശ്ലീല കമന്റുകള്‍ എഴുതുന്നതിനും ഒക്കെയാണ് സമയം ചെലവഴിച്ചതെന്ന് പോലീസ് അന്വേഷിച്ചെത്തുമ്പോഴാണ് വീട്ടിലുള്ളവര്‍ അറിയുന്നത്. വിവിധ രംഗങ്ങളില്‍ സജീവമായ സ്ത്രീകളുടെ ഇ മെയില്‍ വിലാസം കണ്ടെത്തി അതിലൂടെ ആരാധന പ്രകടിപ്പിച്ച് മാന്യമായ രീതിയില്‍ ആദ്യഘട്ടത്തില്‍ ഇ മെയിലുകള്‍ അയയ്ക്കുകയും,അവരുടെ വാട്‌സ് ആപ്പ് നമ്പറുകള്‍ കരസ്ഥമാക്കി അതിലെ സ്റ്റാറ്റസ് ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഈ ചിത്രങ്ങള്‍ ചാറ്റിനിടെ കൈമാറുകയും,അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് രീതി.

സോഷ്യല്‍ മീഡിയയിലെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത് ഫോട്ടോയിലെ വ്യക്തി അറിയുന്നില്ല. അതുകൊണ്ട് തന്നെ പരാതികളുമുണ്ടാകുകയില്ലെന്നതാണ് ഇവരുടെ ധൈര്യം. സീക്രട്ട് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നത് സമാന ചിന്താഗതിക്കാരായവര്‍ അല്ലാതെ ആരും അറിയില്ലെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ചില തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സീക്രട്ട് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായതോടെ ഫേസ്ബുക്ക് അധികൃതരുടെ സഹായത്തോടെ പോലീസ് പല ഗ്രൂപ്പുകളുടെയും ഉള്ളടക്കവും ചാറ്റും കണ്ടെത്തുന്നുണ്ട്. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വരെ ഇത്തരം ഗ്രൂപ്പുകളിലും ചാറ്റുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.

പലരുടെയും ജോലി സമയം വെര്‍ച്വല്‍ ലൈംഗികാനന്ദത്തിനും വെര്‍ച്വല്‍ റേപ്പിനും അടിമകളായി നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. ഇത്തരക്കാരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചെത്തുന്നതോടെ ചിലരുടെ ജോലിയും നഷ്ടമായിട്ടുണ്ട്. ജോലി സ്ഥലത്തെ കമ്പ്യൂട്ടറും ലാപ് ടോപ്പുമാണ് ഇവര്‍ ഇതിനായി ദുരുപയോഗം ചെയ്തതെന്നും, സഹപ്രവര്‍ത്തകരുടെയും മറ്റും ചിത്രങ്ങള്‍ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഉപയോഗിച്ചെന്നും വ്യക്തമാകുന്നതോടെയാണ് ഇത്.


Don”t Miss: ‘മകള്‍ക്ക് പേരിട്ടു..ആസിഫ.എസ്.രാജ്, എന്റെ മകളാണവള്‍’; കത്വയിലെ കൂട്ടബലാത്സംഘത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകന്‍


സ്ത്രീകളുടെ ചിത്രങ്ങള്‍ വിവിധ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കുകയും, ചാറ്റിനിടെ അവ തുടരെ തുടരെ അയച്ചുകൊടുക്കുകയും ചെയ്യുകയുമാണ് ചിലര്‍ ചെയ്യുന്നത്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും ചര്‍ച്ച ചെയ്യപ്പെട്ട ഗ്രൂപ്പിലെ ചിലര്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ ഒരു ജൂനിയര്‍ മാധ്യമപ്രവര്‍ത്തകനാണ് സഹപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറിയതെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. സ്വന്തം അമ്മയുടെയും, സുഹൃത്തിന്റെ അമ്മയുടെയും, സഹോദരിയുടെയും ഒക്കെ സ്വകാര്യ ചിത്രങ്ങള്‍ കൈമാറുന്നവര്‍ നിരവധിയാണ്. കൂട്ടമായി റേപ്പ് നടത്തണമെന്ന ആഹ്വാനം വരെ പല സ്ത്രീകള്‍ക്കെതിരെയും ഇവര്‍ നടത്തുന്നുണ്ട്.

ആരുടെ ഫോട്ടോ കിട്ടിയാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുമെന്നാണ് പിടിക്കപ്പെട്ട ഒരു യുവാവ് പോലീസിന് നല്‍കിയ മൊഴി. പല വാട്സ് ആപ്പ് ഗ്രൂപ്പുകളും, മെസഞ്ചര്‍ ഗ്രൂപ്പുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്ക് അധികൃതരെ സംഭവത്തിന്റെ ഗൗരവം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടുണ്ട്. കൂട്ടായ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന വിധമാണ് ഈ മനോവൈകൃതത്തിന് അടിമകളായുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വവര്‍ഗ ലൈംഗികത പുലര്‍ത്തുന്ന നിരവധിയാളുകളും ഇത്തരം ഗ്രൂപ്പുകളിലുണ്ട്.

നേരത്തെ കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്ന ഗ്രൂപ്പുകള്‍ സജീവമായിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പലരേയും പോലീസ് പിടികൂടി. എന്നാല്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും അധ്യാപികമാരും ഉള്‍പ്പെടുന്നവരെ ലക്ഷ്യം വെച്ചുള്ള ഗ്രൂപ്പുകളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്.

ഇത്തരം ഗ്രൂപ്പുകളില്‍ അകപ്പെടുന്നവരെ കണ്ടെത്തി ബോധവത്കരിക്കുന്നതിനായി കൗണ്‍സിലിംഗും ചികിത്സയും നല്‍കുകയാണ് വേണ്ടതെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളെ അപമാനിക്കുകയും, അശ്ലീല പരാമര്‍ശത്തിന് വിധേയരാക്കുകയും ചെയ്യുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിച്ചാല്‍ മാത്രമേ ഇത്തരം വൈകൃതങ്ങള്‍ അവസാനിപ്പിക്കുകയുള്ളൂവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more