സൗദിയില്‍ നടക്കുന്ന ഹജ്ജിനു യു.എ.ഇയില്‍ നിന്നും അനുമതി വാങ്ങാന്‍ മോദിജിക്കല്ലാതെ ആര്‍ക്കു പറ്റും; സോഷ്യല്‍ മീഡിയയില്‍ എയറിലായി അബ്ദുള്ളക്കുട്ടി
Kerala
സൗദിയില്‍ നടക്കുന്ന ഹജ്ജിനു യു.എ.ഇയില്‍ നിന്നും അനുമതി വാങ്ങാന്‍ മോദിജിക്കല്ലാതെ ആര്‍ക്കു പറ്റും; സോഷ്യല്‍ മീഡിയയില്‍ എയറിലായി അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th May 2022, 12:56 pm

കോഴിക്കോട്: ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ.

സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിന് യു.എ.ഇ ഷെയ്ഖിനെ മോദി വിളിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനവും പരിഹാസവും ഉയരുന്നത്. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ അബ്ദുള്ളക്കുട്ടിയെ ട്രോളി എത്തുന്നത്.

സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി യു.എ.ഇ ഷെയ്ഖാണത്രേ നല്‍കുന്നത്. ഇവനാണോ പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നാണ് ചിലരുടെ ചോദ്യം.

അബ്ദുള്ളക്കുട്ടി അങ്ങനെ കള്ളം പറയുന്ന ആളല്ലെന്നും പ്രധാനമന്ത്രി യു.എ.ഇ യിലെ ശൈഖിനെ സത്യത്തില്‍ വിളിച്ചു കാണുമെന്നുമാണ് മറ്റൊരു കമന്റ്.

അങ്ങനെ മോദിയുടെ അനുഗ്രഹത്താല്‍ ഒരുപാട് പേര്‍ ഇക്കുറി ദുബൈയില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമെന്നും ഖത്തര്‍ ഷെയ്ഖിനെ വിളിച്ച് പത്തായിരം കൂടി കൂട്ടണമെന്നുമൊക്കയൊണ് ചിലര്‍ കമന്റില്‍ പറയുന്നത്.

അയ്യോ ഗുരുഭൂതത്തെയും കാരണഭൂതത്തെയും നമിക്കുന്നുവെന്നും കുരുഭൂതം ഇന്നും ഗ്യാസിന് 50 രൂപ കൂട്ടിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റിലെ ശൈഖിനെ വിളിച്ചു ഈ വരുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കാര്‍ക്ക് 10000 സീറ്റ് അധികം നേടിതന്ന മോദിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് മറ്റൊരു കമന്റ്. ശ്രീലങ്കന്‍ പ്രസിഡണ്ടിനെ ആണ് വിളിക്കേണ്ടത് എന്ന് ആരു പറഞ്ഞു കൊടുക്കാനാണ് എന്ന് പറഞ്ഞ് ട്രോളുന്നവരും ഉണ്ട്.

ഈ വര്‍ഷത്തെ ഹജ്ജ് ഷാര്‍ജയില്‍ വെച്ച് നടത്തുന്ന കാര്യം അറിയാതെ അബ്ദുള്ളക്കുട്ടിയെ പരിഹസിക്കുന്നവരോട് പരമ പുച്ഛം, ഒമാന്‍ ശൈഖിനെ വിളിച്ചാല്‍ ഒരു പതിനായിരം കൂടി കിട്ടുമോ അബ്ദുള്ളാക്കാ എന്നാണ് മറ്റു ചിലരുടെ ചോദ്യം.

മറ്റ് ചില കമന്റുകള്‍….

”സൗദിയില്‍ നടക്കുന്ന ഹജ്ജ്‌ന് യു.എ.ഇയിലേക്ക് വിളിച്ചത് എന്തിനായിരിക്കും ??.ചിലപ്പോള്‍ സൗദിയിലേക്ക് പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉരു യു.എ.ഇ കടപ്പുറം വഴിയായിരിക്കും പോകുന്നത്

ശരിയാണ് പക്ഷെ കൂട്ടിയത് പാചകവാതകത്തിനാണെന്ന് മാത്രം

മോദി ദുബായ് ശൈഖിനെ വിളിച്ചു ഹജ്ജ് ഇന്ത്യയില്‍ നടത്താന് പറയാത്തത് വലിയ ഭാഗ്യം

ബുര്‍ജ് ഖലീഫിലാണോ ഹജ്ജ്, നിന്റെ ചോറിങ്ങും കൂറങ്ങും എന്ന പല്ലവിക്കു ഒക്കുന്ന ഡയലോഗ്… എടൊ , സൗദി രാജാവിനെ അല്ലേല്‍ അവിടെ ഉള്ള ആരെയെങ്കിലും വിളി.. താന്‍ എബ്രഹാം ലിങ്കനെ വിളിച്ചു എന്നു ഏതായാലും പറയാഞ്ഞത് നന്നായി

ഹജ്ജിനു 10000 സീറ്റ് കൂടുതല്‍ അനുവദിക്കാന്‍ വേണ്ടി UAE ശൈഖിനെ വിളിച്ചു അനുവദിപ്പിച്ച മോദിജിക്ക് അഭിവാദ്യങ്ങള്‍

Uff ഇതാവണമെടാ നേതൃത്വം, സൗദിയില്‍ നടക്കുന്ന ഹജ്ജിനു യു.എ.ഇയില്‍ നിന്നും അനുമതി വാങ്ങാന്‍ മോദിജിക്കല്ലാതെ ആര്‍ക്കു പറ്റും

തള്ളി.. തള്ളി… സൗദി യു.എ.ഇ എത്തിയോ??

ഇപ്പോള്‍ സൗദിയുടെ ചാര്‍ജ് യു.എ.ഇ ശൈഖിനാണെന്ന് അറിയാത്ത മണ്ടന്‍മാര്‍ പലതും പറയും… ഇങ്ങള് ഒരു പയിനായിരം കൂടി ആ ഷൈഖിനെ വിളിച്ചു കൂട്ടിക്കോ, അപ്പൊത്തന്നെ ശൈഖ് ക്വാട്ട കൂട്ടികൊടുത്തു

അബ്ദുള്ളക്കുട്ടിയെ അവിശ്വസിക്കേണ്ടതില്ല മോദിജി ആവശ്യപ്പെട്ട് കാണും എന്തായാലും ഇക്കൊല്ലത്തെ ഹജ്ജ് ദുബൈലേക്ക് മാറ്റിയ മോദിജിക്ക് അഫിനന്ദനങ്ങള്‍ ????ഹാജിമാര്‍ക്ക് ബുര്‍ജ് ഖലീഫയും കാണാമല്ലോ എന്നൊക്കെയാണ് കമന്റുകള്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായി ഇടപെടുന്ന പ്രധാനമന്ത്രിയാണെന്നും മുസ്‌ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഇതോടെ അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ട്രോളന്‍മാരും ഏറ്റെടുത്തു. ‘സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’ എന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദീഖ് പരിഹസിച്ചത്.

കോണ്‍ഗ്രസിന്റെ കാലത്ത് ഗുഡ് വില്‍ ഡെലിഗേഷന്‍ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എം.എം ഹസ്സനെ പോലുള്ള ആളുകള്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും അവസാനത്തെ വിമാനത്തില്‍ പോകുമെന്നും എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തില്‍ തിരിച്ചുവരുമെന്നും അത്തരത്തില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.

2019-ലാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോയത്. 190000 ആളുകളെ ആയിരുന്നു അന്ന് സൗദി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ഇടപെടലിന്റെ ഭാഗമായി പതിനായിരത്തോളം ആളുകളെ അധികം പറഞ്ഞയച്ചു.

ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷകള്‍ വളരെ അധികം കൂടിയപ്പോള്‍, നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് പറഞ്ഞു’ ഞങ്ങള്‍ക്ക് 190000 പോരാ, കുറച്ച് കൂടുതല്‍ വേണം’. അങ്ങനെ മോദി ഇടപ്പെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് അദ്ദേഹം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ ചെലവില്‍ ആളുകളെ കൊണ്ട് പോകാന്‍ ആലോചിച്ചു.

എന്നാല്‍ സര്‍ക്കാരിന് വേണ്ടത്ര വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അവസാനം മോദി ഒരു പ്രഖ്യാപനം നടത്തി. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ഈ തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ സാധിക്കുമെങ്കില്‍ ഏജന്‍സികള്‍ മുന്നോട്ട് വരണമെന്ന്. അങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഒരു കൊള്ളലാഭവുമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം നല്‍കിയ മഹാനായ നേതാവാണ് നരേന്ദ്ര മോദി. നല്ല മുസ്‌ലിം മതവിശ്വാസികള്‍ ഇത് തിരിച്ചറിയണം, അബ്ദുള്ളക്കുട്ടി പറഞ്ഞു.