ക്വാലാലംപൂര്‍: അഞ്ച് ദിവസത്തെ സന്ദര്‍ശത്തിന് മലേഷ്യയിലെത്തിയ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സുബാങ്ങിലെ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ഷാഹ് വിമാനത്താവളത്തിലിറങ്ങിയ കാന്തപുരത്തെ സര്‍ക്കാര്‍ പ്രതിനിധികളും മര്‍കസ് ഗ്ലോബല്‍ മലേഷ്യ ചാപ്റ്റര്‍ പ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
തുടര്‍ന്ന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമുമായി കൂടിക്കാഴ്ച നടത്തിയത്. പ്രാധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മലേഷ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ചര്‍ച്ചയായതായും ഇരുവരും സ്‌നേഹോപഹാരം കൈമാറിയതായും മര്‍ക്കസ് മീഡിയ വിഭാഗം അറിയിച്ചു.
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം, ജാമിഉല്‍ ഫുതൂഹ് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി തുടങ്ങിയവര്‍ യാത്രയില്‍ കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ഔദ്യോഗിക പരിപാടികളില്‍ കാന്തപുരം പങ്കെടുക്കും.
അന്‍വര്‍ ഇബ്രാഹീമിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം മലേഷ്യയിലെത്തിയതെന്നും മര്‍ക്കസ് അറിയിച്ചു. ശനിയാഴ്ച നടക്കുന്ന സ്വഹീഹുല്‍ ബുഖാരി പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, ശൈഖ് ഡോ. ഉസാമ അല്‍ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ ഹാജി അബ്ദുല്ല പങ്കെടുക്കും. മലേഷ്യയിലെ ആയിരത്തോളം പണ്ഡിതന്മാര്‍ സമ്മേളത്തില്‍ സംബന്ധിക്കും.