മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തേക്ക് പോവാന്‍ തീരുമാനമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. നിലപാട് അറിയാന്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. മോദിയെ സ്തുതിച്ചു കൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ പുറത്തേക്ക് പോവാന്‍ ഒരുങ്ങി തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
മംഗളൂരുവിലേക്ക് അബ്ദുള്ളക്കുട്ടി താമസം മാറിയിരുന്നു. ഇത് കര്‍ണാടകയിലെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് ഡി.സി.സി അദ്ധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചു മതി നടപടിയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആര്‍. റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേരാനാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചനയെന്നാണ് അറിയുന്നത്. അബ്ദുള്ളക്കുട്ടി പുറത്ത് പോയാലും കൂടെ പോകാന്‍ പ്രവര്‍ത്തകരുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ്. കാരണംകാണിക്കല്‍ നോട്ടീസിനോടുള്ള അബ്ദുള്ളക്കുട്ടിയുടെ പ്രതികരണത്തിന് അനുസരിച്ചായിരിക്കും കെ.പി.സി.സി നടപടി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം സുധീരന്‍ പറഞ്ഞിരുന്നു. സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം സുധീരന്‍ പറഞ്ഞിരുന്നു.
അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലയെന്നും വി.എം സുധീരന്‍ പറഞ്ഞിരുന്നു.
അതേസമയം, അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് പറഞ്ഞിരുന്നു.