| Thursday, 28th April 2022, 4:06 pm

ഹജ്ജിന് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകാന്‍ പാടില്ല എന്ന ആചാരം തിരുത്തിയത് മോദിയുടെ ഇടപെടല്‍: അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഹജ്ജിന് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകാന്‍ പാടില്ല എന്ന ആചാരം 2018ല്‍ തിരുത്തിയത് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ലോക മുസ്‌ലിങ്ങളുടെ ഹജ്ജ് തീര്‍ത്ഥാടന ചരിത്രത്തില്‍ തന്നെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വലിയൊരു ഇടപെടലാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘2018 വരെ ഹജ്ജിന് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലായിരുന്നു. മെഹറം എന്നാണ് അതിന് പറയുക. അതായത്, വിവാഹം നിഷിദ്ധമായ ആളുകളുടെ കൂടെ മാത്രമേ പോകാന്‍ പറ്റൂ. ഒന്നുകില്‍ അച്ഛനായിരിക്കണം ഇല്ലെങ്കില്‍ സഹോദരനായിരിക്കണം, അല്ലെങ്കില്‍ കൂടപ്പിറപ്പ്. അവരുടെ കൂടെ മാത്രമായിരിക്കും സത്രീകള്‍ക്ക് പോകാന്‍ കഴിയുക. ഇത് ഒരു ആചാരമായിരുന്നു.

മോദിയുടെ മുമ്പില്‍ ഒരു സത്രീ അപേക്ഷിച്ചു. എന്റെ ഏറ്റുവം വലിയ സ്വപ്‌നമാണ് ഹജ്ജ് ചെയ്യണമെന്നത്. ഞാന്‍ വിശ്വാസിയാണ്, പക്ഷേ എനിക്ക് ബന്ധുക്കളായി ആരുമില്ല. ഞാന്‍ എങ്ങനെ ഹജ്ജിന് പോകും. ഈ വിഷയം മോദി നേരിട്ട് ഹജ്ജ് കമ്മിറ്റിയിലും മന്ത്രിയുമായും ചര്‍ച്ച ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു, മെഹറം എന്ന് പറയുന്നത് നിര്‍ബന്ധമാണ്. അത് സൗദിയുടെ തീരുമാനമാണെന്ന്.

ഉടന്‍ മോദി സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടു. പിന്നെ ഈ വിഷയം അവരുടെ മതപുരോഹിതര്‍ക്ക് വരെ ചര്‍ച്ച ചെയ്യേണ്ടിവന്നു. അങ്ങനെയാണ് 2018 മുതല്‍ ഹജ്ജിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി സംഘമായി പോകാന്‍ അവസരമുണ്ടായത്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കിയതില്‍ വിമര്‍ശനമുയരുന്നുണ്ട്.

ഗുരുതര കേസില്‍ പ്രതിയായ വ്യക്തിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കിയത് പദവിയുടെ മഹത്വം കളയുന്നതാണെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കമുള്ള വിമര്‍ശം. കഴിഞ്ഞ വര്‍ഷമാണ് അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ സി.ബി.ഐ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights:  AP Abdullakutty Says Modi’s intervention to change the practice of not allowing women to go alone for Hajj

We use cookies to give you the best possible experience. Learn more