എന്നെ 501 വെട്ടുവെട്ടാന്‍ പകയുമായി നടക്കുന്ന ആളാണ് ഇപ്പോള്‍ ഭരിക്കുന്നത്; എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി
Kerala
എന്നെ 501 വെട്ടുവെട്ടാന്‍ പകയുമായി നടക്കുന്ന ആളാണ് ഇപ്പോള്‍ ഭരിക്കുന്നത്; എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 12:22 pm

തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.

ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളര്‍ കേസ് അന്വേഷിച്ചിട്ടും തനിക്കെതിരെ ഒന്നും കണ്ടെത്തിയില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടി മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘എന്നെ 501 വെട്ടു വെട്ടാന്‍ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളര്‍ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാര്‍ഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ല’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘തുടര്‍ഭരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് നായനാരുടെ കാലത്ത് ഒരു വര്‍ഷം മുന്‍പ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. അത് ഭീകരമായ, ദയനീയമായ, പാളിപ്പോയ സ്വപ്നമായിരുന്നു. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നത്. എല്‍.ഡി.എഫിനു ഭരണം നഷ്ടപ്പെടും’, അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തില്‍ സി.പി.ഐ.എമ്മിനു വലിയ തോതില്‍ വോട്ട്, സീറ്റ് ഷെയര്‍ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതില്‍നിന്ന് അവര്‍ പലപ്പോഴും രക്ഷപ്പെട്ടത് മുസ്‌ലിം പ്രീണനം നടത്തിയാണ്.

കേന്ദ്രം നല്‍കുന്ന മൈനോറിറ്റി ഫണ്ട് 81 ശതമാനവും മുസ്ലിമിനു നല്‍കി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുന്നു. അങ്ങനെയാണ് വോട്ട് നിലനിര്‍ത്തിയത്. വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്ലിം പിന്തുണ കുറയുമോ എന്നു പിണറായിക്കു പേടിയുണ്ട്.

ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സി.പി.ഐ.എം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്. മുസ്‌ലിം വിഭാഗത്തില്‍ പഴയ വര്‍ഗീയ കാര്‍ഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവര്‍ മാറി ചിന്തിക്കും. പഴയ എസ്.എഫ്.ഐക്കാരന്‍ എന്ന നിലയില്‍ വിജയരാഘവന്‍ വികാരപരമായി സത്യം വിളിച്ചു പറഞ്ഞു. സത്യത്തില്‍ തിരുത്തേണ്ട കാര്യമില്ല. മനസിലുള്ള കാര്യമാണ് പറഞ്ഞത്’, അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AP Abdullakutty Criticise Pinarayi Vijayan