കോഴിക്കോട്: എ.പി അബ്ദുള്ളകുട്ടിയെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിനെതിരെ സംസ്ഥാന ബി.ജെ.പിയിലും ആര്‍.എസ്.എസിലും അമര്‍ഷം പുകയുകയാണ്.
കുമ്മനം രാജശേഖരനെയടക്കമുള്ളവരെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ അബ്ദുള്ളകുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതിനെതിരെയാണ് ഒരു കൂട്ടം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തില്‍ പരസ്യമായി തങ്ങളുടെ എതിര്‍പ്പ് ചില നേതാക്കള്‍ തുറന്നുപറഞ്ഞു. കുമ്മനത്തിനെ ദേശീയ നേതൃത്വത്തിലേക്കെടുക്കാത്തതിനുള്ള അമര്‍ഷം യോഗത്തിന് ശേഷം ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെ ആര്‍.എസ്.എസ് നേരിട്ടറിയിക്കുകയും ചെയ്തു.
കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്നും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോര്‍കമ്മറ്റി യോഗത്തില്‍ നിന്ന് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ കോര്‍കമ്മറ്റി യോഗമാണെന്ന് സി.കെ പത്മനാഭനെ അറിയിച്ചിരുന്നില്ലെന്നും വാട്‌സാപ്പിലൂടെയുള്ള സന്ദേശമായിരുന്നെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ഇതില്‍ ആര്‍.എസ്.എസിനും അതൃപ്തിയുണ്ടായിരുന്നു. തങ്ങളെ നിരന്തരം അവഗണിക്കുന്നതായാണ് കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്ന ആരോപണം. കെ. സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നിരുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനമാണ് ശോഭ സുരേന്ദ്രന് ബി.ജെ.പി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.ഇതിനിടയ്ക്ക് അബ്ദുള്ള കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ കോര്‍കമ്മറ്റി യോഗത്തില്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തത് ഇതുകൊണ്ടാണ്. അതേസമയം എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്നാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പിയില്‍ വലിയ സ്ഥാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചെന്നും എം.ടി രമേശ് പറഞ്ഞിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളെയെല്ലാം തഴഞ്ഞ് ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തതില്‍ അതൃപ്തി വ്യക്തമാക്കി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു.
തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ വന്നാല്‍ അത് പ്രസ്ഥാനത്തിലെ നല്ല പ്രവര്‍ത്തകരെ നിസംഗരാക്കുമെന്നും സംഘപരിവാറിനെ കെട്ടി ഉയര്‍ത്താന്‍ രാപകല്‍ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നില്‍ക്കുന്നവരിലും തെറ്റായ സന്ദേശമാണ് പകരുകയെന്നും മുകുന്ദന്‍ പറഞ്ഞത്.
പുതുമുഖങ്ങളെ പരിഗണിക്കുമ്പോള്‍ തന്നെ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതൊന്നും ശരിയായ കീഴ്‌വഴക്കമല്ലെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AP Abdullakutty as bjp national-vice president; BJP and RSS Has issue;RSS wants Kummanam to be made a minister