| Monday, 24th May 2021, 6:01 pm

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്, അതിനാണ് ഈ മാറ്റങ്ങള്‍; ബഹുജന നേതാവാണ് പ്രഫുല്‍ പട്ടേലെന്നും എ.പി അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര ബി.ജെ.പി സര്‍ക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിലെ ബി.ജെ.പി പ്രഭാരിയുമായ എ.പി അബ്ദുള്ളക്കുട്ടി.

ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്‌ലിം ലീഗ്, ജിഹാദി ഗ്രൂപ്പുകളാണെന്നും എ.പി അബ്ദുള്ള പറഞ്ഞു.

കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദ്വീപ് വാസികളുടെ മനം കവര്‍ന്ന നേതാവാണ് പ്രഫുല്‍ പട്ടേലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എം.പിക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാര്‍ ലോബിക്കും , അഴിമതിക്കാര്‍ക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല അതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങളെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

#bjp4keralam #Lakshadweep
ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര ബി.ജെ.പി സര്‍ക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണ്. ഇതിന്റെ പിന്നില്‍ ലക്ഷദ്വീപില്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ്
ജിഹാദി ഗ്രൂപ്പുകളാണ്.

കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല. പുതിയ അഡ്മിനിസ്റ്റേറ്റര്‍
പ്രഫുല്‍ പട്ടേല്‍ ഗുജറാത്ത് കാരനാണ് എന്നാണ് ഇവരുടെ പ്രചരണം അത് എങ്ങിനെയാണ് കുറ്റമാകുന്നത് ?

മുമ്പ് കോണ്‍ഗ്രസ്സിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി,അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകള്‍ക്ക് പകരം ബഹുജന നേതാവ് അതാണ് പ്രഫുല്‍ പട്ടേല്‍.

സ്ഥലം എം.പിക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാര്‍ ലോഭിക്കും , അഴിമതിക്കാര്‍ക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല.
അദ്ദേഹം അവിടെ ചാര്‍ജെടുത്ത് ഒരാഴ്ചക്കുളില്‍ ‘ക്ലീന്‍ ലക്ഷദ്വീപ് ‘ പദ്ധതി നടപ്പിലാക്കി.

കുട്ടികളും , സ്ത്രീകളും, മുതിര്‍ന്നവരും, പങ്കെടുത്ത ആ പദ്ധതി വന്‍ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി.
ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവര്‍ന്ന നേതാവാണ് പ്രഫുല്‍ പട്ടേല്‍.

100 % മുസ്ലിംങ്ങള്‍ ഉള്ള ദ്വീപില്‍ പട്ടേല്‍ജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്.ബംങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് മദ്യം നല്‍കാം എന്ന് തീരുമാനിച്ചത് സയ്ദ് സാഹിബിന്റെ -കോണ്‍ഗ്രസ്സ് ഭരണകാലത്താണ്.

മാംസം നിരോധിച്ചു എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസ രംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത് ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും, പെടുമല്ലൊ?.

പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ് പാര്‍ലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകള്‍ ഗുജ്‌റാത്ത് കാരന്‍ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു.കലക്ടറേഘെരാവോ ചെയ്തു
അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു.

ഇതിനൊക്കെ അഡ്മിനിറ്റേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതില്‍ എന്തര്‍ത്ഥം!

മറ്റൊരു സംഗതി ബില്‍ഡിംങ്ങ് റൂള്‍സ്, ലാന്റ് അക്വസേഷന്‍ നടപടികളില്‍ നിയമ നിര്‍മ്മാണം നടത്താന്‍ പോകുന്നു എന്നാണ്
ഇതില്‍ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തില്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട് ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്.

അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷന്‍ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയര്‍പ്പോര്‍ട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോള്‍ ചില സ്വകാര്യ റിസോര്‍ട്ടുകള്‍ പൊളിക്കേണ്ടിവരും.
കവരിത്തി തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ റോഡുകള്‍ വീതികൂട്ടേണ്ടിവരും.

ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങള്‍ ആദ്യം തന്നെ പൊളിപ്പിച്ചു മത്സ്യതൊഴിലാളികള്‍ക്ക് പകരം നല്ല സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണ് യാതാര്‍ത്ഥ്യം. ഇത് ദ്വീപ് വാസികള്‍ക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകള്‍ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.

ദ്വീപിലെ ജനങ്ങള്‍ എന്നും ദേശീയധാരയില്‍ ഇഴുകി ഉയര്‍ന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദീപിലെ ബി ജെ പി പ്രവര്‍ത്തക യോഗം വെര്‍ച്ചലായി ചേര്‍ന്നു.

പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയും പ്രഭാരി എന്ന നിലയില്‍ ഞാനും പങ്കെടുത്തു
അസത്യ പ്രചരണത്തെ അപലപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

AP Abdullakutty alleges widespread lies against Lakshadweep administrator in Kerala and central BJP government

We use cookies to give you the best possible experience. Learn more