കോഴിക്കോട്: ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അബ്ദുള്ളക്കുട്ടി. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായി പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
പാര്‍ട്ടി പുന:സംഘടനയില്‍ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.
അതേസമയം ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഇതുവരെ അവസരം കിട്ടാത്തവരെ വെച്ച് പ്രതിരോധിക്കാനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം.
ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്തി കെ.സുരേന്ദ്രനെതിരായ ഗ്രൂപ്പ് പോര് ശക്തമാക്കാനാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ തീരുമാനം. കെ. സുരേന്ദ്രനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന നേതൃത്വത്തിന് പുറമെ പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരായവരെ കൂടെ കൂട്ടാനാണ് ശോഭയുടെ നീക്കം. നേരത്തെ പരസ്യമായി തന്റെ എതിര്‍പ്പ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിട്ടും നേതൃത്വം അത് പാടെ അവഗണിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക