| Wednesday, 3rd February 2021, 12:41 pm

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ചയ്ക്കുപോലും എന്റെ പേര് ഉണ്ടാകാനിടയില്ല; ചുമതല നല്‍കിയിരിക്കുന്നത് ലക്ഷദ്വീപില്‍: അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ചയ്ക്കുപോലും തന്റെ പേര് ഉണ്ടാകാനിടയില്ലെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. അങ്ങനെയുള്ളപ്പോള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഇപ്പോള്‍ പാര്‍ട്ടി നിര്‍ദേശിച്ചത് അനുസരിച്ച് കേരളത്തിനു പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകും. മത്സരിക്കുന്നതില്‍ അന്തിമതീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണ്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളം ഭരിക്കാനാണ് ബി.ജെ.പി ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ’32 സീറ്റില്‍ ബി.ജെ.പി നിര്‍ണായക ശക്തിയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. കേരളം ഭരിക്കാനാണ് ബി.ജെ.പി ഇത്തവണ മത്സരിക്കുന്നത്. ഇരുമുന്നണികളും വോട്ടു മറിച്ചില്ലെങ്കില്‍ ബി.ജെ.പിക്കു വന്‍മുന്നേറ്റം ലഭിക്കും, നിര്‍ണായക ശക്തിയാകും. ത്രിപുരയില്‍ ബി.ജെ.പിക്കു കേരളത്തിലെ പോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നു. പഴയ എം.പിയുടെ സ്റ്റാഫായിരുന്നു ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി. ആ സ്ഥലത്ത് ജനവികാരം ബി.ജെ.പിക്ക് അനുകൂലമായി. അതുപോലെ അട്ടിമറി നടക്കേണ്ട ജനവികാരമുള്ള സ്ഥലമാണ് കേരളം’, അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാന്‍ ബി.ജെ.പി എല്‍.ഡി.എഫിനു വോട്ടുമറിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസുകാരുടെ പ്രചാരണം മാത്രമാണതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രമാണതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.

ഈ തെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫില്‍ ബാക്കിയാക്കുന്നത് ലീഗ് മാത്രമായിരിക്കും. പക്ഷേ പഴയ പ്രതാപമുണ്ടാകില്ല. കടുത്ത ജനവികാരം ലീഗിനെതിരെ ഉണ്ട്. എം.പിയായ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിക്കൊരുങ്ങുന്നു. വളരെ തെറ്റായതും ഏകാധിപത്യ രാജ്യത്തു നടക്കുന്നതുമായ കാര്യമാണ് അത്.

കടുത്ത ഇസ്‌ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിര്‍ത്തിയുമായിരിക്കും ലീഗ് തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കുന്നത്. ഭാവിയില്‍ കോണ്‍ഗ്രസിന്റെ നാശ ചരിത്രം എഴുതുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ലീഗിനായിരിക്കും. ലീഗ് കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണ്.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചതും, മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നതുമെല്ലാം ഞങ്ങളാണ് എന്ന ലീഗിന്റെ അഹങ്കാരം അപക്വമാണ്. അത് കോണ്‍ഗ്രസിനെ ഈ ഗതിയിലാക്കി. കോണ്‍ഗ്രസിന്റെ നാശത്തിന്റെ മൂലകാരണം ലീഗിന്റെ അപ്രമാദിത്വമാണ്. നേതൃത്വം അത് തിരിച്ചറിയാന്‍ വൈകിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AP Abdullakutty About His Candidateship BJP

We use cookies to give you the best possible experience. Learn more