| Tuesday, 19th March 2019, 8:18 am

'ഒറ്റരാത്രികൊണ്ട് പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍' പരിഹസിച്ച് എ.പി അബ്ദുള്ളക്കുട്ടി: പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ വിമര്‍ശിച്ച കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീകരനെതിരെ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി . ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

ഒറ്റരാത്രികൊണ്ട് സതീശന്‍ പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍ ഗ്രൂപ്പ് പോരിനെ വിമര്‍ശിക്കേണ്ടെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ കുറിപ്പ്.

“ഒറ്റ രാത്രികൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കേണ്ട” എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

എന്നാല്‍ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് ഇതിനു കീഴില്‍ വി.ടി ബല്‍റാം കമന്റു ചെയ്തു. ” അനവസരത്തിലുള്ള പോസ്റ്റാണ്. പിന്‍വലിക്കുന്നതാണ് ഉചിതം.” എന്നാണ് ബല്‍റാമിന്റെ കമന്റ്.

ബല്‍റാമിനു പുറമേ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Also read:ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രം; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ചിത്രീകരണം പൂര്‍ത്തിയായി

അബ്ദുള്ള കുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന സംശയം പോസ്റ്റിനു കീഴില്‍ ചിലര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ പോസ്റ്റ് തന്നെയാണെന്ന് അബ്ദുള്ളക്കുട്ടി മറുപടി നല്‍കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ടുപോയിരുന്നു. വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

Latest Stories

We use cookies to give you the best possible experience. Learn more