| Saturday, 29th June 2019, 1:07 pm

ബി.ജെ.പിയിലെത്തിയത് തന്റെ മുജ്ജന്മ സുകൃതം; ട്രോളുന്നവര്‍ ചരിത്രബോധമില്ലാത്തവരെന്നും അബ്ദുളളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്നത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പൊതുരംഗത്ത് തുടരണമെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുകയായിരുന്നു. ‘ദേശീയ മുസ്‌ലിം’ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ ചരിത്രബോധമില്ലാത്തവരാണ്. ബോധപൂര്‍വ്വമാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ജൂണ്‍ 26നാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, വി. മുരളീധരന്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ താനൊരു ദേശീയ മുസ്‌ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

മുസ്‌ലീങ്ങള്‍ക്കും ബി.ജെ.പിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ മോദിയുടെ വികസന മാതൃകയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. സമാനകാരണത്തിനായിരുന്നു നേരത്തെ അദ്ദേഹത്തെ സി.പി.ഐ.എമ്മും പുറത്താക്കിയത്.

We use cookies to give you the best possible experience. Learn more