Kerala News
വേണ്ടത്ര മുന്നേറാന്‍ ബി.ജെ.പിക്കായില്ല; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിമര്‍ശനവുമായി എ. പി അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 18, 02:40 am
Friday, 18th December 2020, 8:10 am

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ. പി അബ്ദുള്ളക്കുട്ടി. പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് വിമര്‍ശനാത്മകമായി പരിശോധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. ബി.ജെ.പി ജയിക്കുന്നിടത്ത് സി.പി.ഐ.എം കൂട്ടുകെട്ടുണ്ടാക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

നേരത്തെ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ലീഗ് എന്ന ‘കോമാളി’ സഖ്യം പിണറായിക്ക് തുണയായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഈ ‘കോമളി’ സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

എന്നാല്‍ ശോഭാ സുരേന്ദ്രന്റെ വിഭാഗവും കൃഷ്ണദാസ് പക്ഷവും ചേര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നീങ്ങിയിട്ടുണ്ട്. അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തിന് ഇരു വിഭാഗവും കത്തയച്ചിട്ടുണ്ട്. ഇരു വിഭാഗവും വെവ്വേറെ കത്തുകളാണ് കേന്ദ്ര നേതൃത്വത്തിന് അയച്ചിരിക്കുന്നത്.

അതേസമയം സംഘടനയ്ക്കകത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കേണ്ടതായിരുന്നു എന്നും ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു.

കൊട്ടിഘോഷിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും വമ്പന്‍ അവകാശ വാദങ്ങളും പൊള്ളയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വേണ്ട ആസൂത്രണം നടപ്പാക്കാന്‍ സംസ്ഥാന ബി.ജെ.പിക്കായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് പരാജയപ്പെട്ടതിന് കാരണം യു.ഡി.എഫും എല്‍.ഡി.എഫും ഒത്തു കളിച്ചിട്ടാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തെ തള്ളിയും ഒ. രാജഗോപാല്‍ രംഗത്തെത്തിയിരുന്നു.

ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ലെന്നും വാദിച്ചിരുന്നു.

കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പെടണം. അപ്പോഴേ ജയിക്കാന്‍ സാധിക്കൂവെന്നും എല്‍ഡി.എഫിന് അത് സാധിച്ചെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാവുമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മെച്ചപ്പെട്ടതാണെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ കേന്ദ്രം പൂര്‍ണ്ണതൃപ്തരല്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AP Abdullakkutty criticizes BJP after local body election defeat