ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു; മോദി ഗുരുഭൂതന്‍: എ.പി അബ്ദുള്ളക്കുട്ടി
Kerala
ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു; മോദി ഗുരുഭൂതന്‍: എ.പി അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th May 2022, 11:30 am

കോഴിക്കോട്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വെട്ടിലായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി.

ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന വിചിത്ര പ്രസ്താവനയായിരുന്നു അബ്ദുള്ളക്കുട്ടി നടത്തിയത്.

ഇതോടെ അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ട്രോളന്‍മാരും ഏറ്റെടുത്തു. ‘സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’ എന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദീഖ് പരിഹസിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്നായിരുന്നു അബ്ദുള്ളക്കുട്ടി തുടര്‍ന്ന് പറഞ്ഞത്. നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായി ഇടപെടുന്ന പ്രധാനമന്ത്രിയാണെന്നും മുസ്‌ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാലത്ത് ഗുഡ് വില്‍ ഡെലിഗേഷന്‍ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എം.എം ഹസ്സനെ പോലുള്ള ആളുകള്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും അവസാനത്തെ വിമാനത്തില്‍ പോകുമെന്നും എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തില്‍ തിരിച്ചുവരുമെന്നും അത്തരത്തില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ പണം കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലല്ല. അത് ഹറാമാണെന്ന് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദിയെന്നായിരുന്നു അബ്ദുള്ളക്കുട്ടി തുടര്‍ന്നു പറഞ്ഞത്.

2019-ലാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോയത്. 190000 ആളുകളെ ആയിരുന്നു അന്ന് സൗദി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ഇടപെടലിന്റെ ഭാഗമായി പതിനായിരത്തോളം ആളുകളെ അധികം പറഞ്ഞയച്ചു.

ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷകള്‍ വളരെ അധികം കൂടിയപ്പോള്‍, നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് പറഞ്ഞു’ ഞങ്ങള്‍ക്ക് 1,90,000 പോരാ, കുറച്ച് കൂടുതല്‍ വേണം’. അങ്ങനെ മോദി ഇടപ്പെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് അദ്ദേഹം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ ചെലവില്‍ ആളുകളെ കൊണ്ട് പോകാന്‍ ആലോചിച്ചു.

എന്നാല്‍ സര്‍ക്കാരിന് വേണ്ടത്ര വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അവസാനം മോദി ഒരു പ്രഖ്യാപനം നടത്തി. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ഈ തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ സാധിക്കുമെങ്കില്‍ ഏജന്‍സികള്‍ മുന്നോട്ട് വരണമെന്ന്. അങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഒരു കൊള്ളലാഭവുമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം നല്‍കിയ മഹാനായ നേതാവാണ് നരേന്ദ്ര മോദി. നല്ല മുസ്‌ലിം മതവിശ്വാസികള്‍ ഇത് തിരിച്ചറിയണം, അബ്ദുള്ളക്കുട്ടി പറഞ്ഞു.

താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നപ്പോള്‍, കെട്ട്യോളേയും കൂട്ടി ഉംറക്ക് പോയി തിരിച്ചുവന്നപ്പോള്‍ കോടിയേരി തന്നെ കണ്ണുരുട്ടി പേടിപ്പിച്ചെന്നും എടോ താന്‍ എന്തൊരു കമ്യൂണിസ്റ്റാണെന്ന്് ചോദിച്ചെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

അക്കാര്യം പറഞ്ഞ് പുറത്താക്കിയ തനിക്ക് ഇന്ത്യയിലെ സത്യസന്ധരായ മുഴുവന്‍ മുസ്‌ലിങ്ങളെയും ഉംറയും ഹജ്ജും ചെയ്യിപ്പിക്കുന്നതിന്റേയും ചുമതല നല്‍കിയതില്‍ ബി.ജെ.പിയോട് നന്ദി പറയുകയാണെന്നും അബ്ദുള്ളക്കുട്ടി പ്രസംഗത്തില്‍ പറഞ്ഞു.