'കുടിവെള്ളത്തിന് പകരം കക്കൂസ് വെള്ളം'; യു.എസിലെ കുടിയേറ്റക്കാര്‍ക്കെതിരായ ക്രൂരതകള്‍ വെളിപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്
World News
'കുടിവെള്ളത്തിന് പകരം കക്കൂസ് വെള്ളം'; യു.എസിലെ കുടിയേറ്റക്കാര്‍ക്കെതിരായ ക്രൂരതകള്‍ വെളിപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 12:25 pm

ന്യൂയോര്‍ക്ക്: യു.എസ് അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ വെളിപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അലക്‌സാന്‍ഡ്രിയ ഒകേസിയോ-കോര്‍ട്ടസ്. ടെക്‌സസിലെ കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് അവര്‍ ട്വീറ്റ് ചെയ്തത്.

ഇവിടങ്ങളില്‍ സ്ത്രീകളെ അഴിക്കുള്ളില്‍ത്തന്നെയാണു താമസിപ്പിച്ചിരിക്കുന്നതെന്നും കുട്ടികള്‍ അടക്കമുള്ള എല്ലാ തടവുകാര്‍ക്കും കുടിവെള്ളം നല്‍കാതെ പകരം കക്കൂസ് വെള്ളം കുടിക്കാനാണ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ പറയുന്നതെന്നും അലക്‌സാന്‍ഡ്രിയ ആരോപിച്ചു. തനിക്കുനേരേ മാനസികവും ശാരീരികവുമായ ഭീഷണികള്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയെന്നും അവര്‍ വെളിപ്പെടുത്തി.

തിങ്കളാഴ്ചയാണ് ദക്ഷിണാതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ അവര്‍ സന്ദര്‍ശിച്ചത്. അലക്‌സാന്‍ഡ്രിയയോടൊപ്പം മറ്റു ചില ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കൂടിയുണ്ടായിരുന്നു.

താന്‍ അവിടെക്കണ്ട കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലായതിനാല്‍ ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തുപോകുന്നതാണെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും അലക്‌സാന്‍ഡ്രിയ പറഞ്ഞു.

എന്നാല്‍ കക്കൂസ് വെള്ളം കുടിക്കാന്‍ പറഞ്ഞെന്ന ആരോപണം ബോര്‍ഡര്‍ പട്രോള്‍ അധികൃതര്‍ നിഷേധിച്ചു. നിലവാരമുള്ള ജയില്‍ സംവിധാനങ്ങളാണ് അവിടങ്ങളിലുള്ളത്. അവിടെയുള്ള എല്ലാ ടോയ്‌ലറ്റുകളിലും കുടിവെള്ളത്തിനുള്ള സംവിധാനം കൂടിയുണ്ട്. യു.എസിലെ ഏത് മുനിസിപ്പല്‍ ജയിലില്‍ച്ചെന്നാലും ഇങ്ങനെയുള്ള സംവിധാനം കാണാമെന്നും അധികൃതര്‍ പറഞ്ഞു.

സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു സെല്ലില്‍ താന്‍ ബലം പ്രയോഗിച്ച് കയറിയെന്നും അവരോട് സംസാരിച്ചെന്നും അലക്‌സാന്‍ഡ്രിയ പറഞ്ഞു. തങ്ങളെ ഒരു കാര്യവുമില്ലാതെ ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നേല്‍പ്പിച്ച് അസഭ്യം പറയുന്നത് സ്ഥിരമാണെന്ന് സ്ത്രീകള്‍ പറഞ്ഞു. അവരെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഭീകരമാണ് ഈ അവസ്ഥയെന്നും അലക്‌സാന്‍ഡ്രിയ ആരോപിച്ചു.

ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥരുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന് തനിക്കു ഭീഷണികള്‍ ഉയരുന്നുണ്ടെന്നും അലക്‌സാന്‍ഡ്രിയ ആരോപിച്ചു.

എ.ഒ.സി എന്നറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. ഈവര്‍ഷം ജനുവരി മൂന്നുമുതല്‍ അവര്‍ ഈ സ്ഥാനത്താണ്.