യു.എസ് സേനയ്ക്ക് പാക്കിസ്ഥാനിലെത്തി ബിന്‍ ലാദനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ? അരുണ്‍ ജെയ്റ്റ്‌ലി
India Pak Issues
യു.എസ് സേനയ്ക്ക് പാക്കിസ്ഥാനിലെത്തി ബിന്‍ ലാദനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ? അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 2:48 pm

 

ന്യൂദല്‍ഹി: യു.എസ് സേനയ്ക്ക് പാക്കിസ്ഥാനിലെ അബോട്ടാബാദിലെത്തി ബിന്‍ ലാദനെ കൊല്ലാമെങ്കില്‍ ഇന്ന് എന്തും നടക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇടയില്‍ ആക്രമണങ്ങളും പ്രത്യാക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

” യു.എസ് നേവിക്ക് ഉസാമയെ കൊല്ലാമെങ്കില്‍ ഇന്ന് എന്തും സാധ്യമാണ്. രാഷ്ട്രീയത്തില്‍ ഒരാഴ്ചയെന്നു പറയുന്നത് വലിയ കാലയളവാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യം ഞങ്ങള്‍ക്കു പിന്നില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരാഴ്ച പെട്ടെന്ന് പോയതുപോലെ തോന്നി. പാക്കിസ്ഥാനിലെ അബോട്ടാബാദിലെ കോമ്പൗണ്ടില്‍ നിന്നും യു.എസ് സീല്‍സ് ഉസാമ ബിന്‍ലാദനെ പിടിച്ചുകൊണ്ടുപോയത് ഞാനോര്‍ക്കുന്നു. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂടാ? അതാണ് ചിന്തിച്ചത്. ഇന്ന് നമുക്കറിയാം, നമുക്ക് ചെയ്യാനാവും.” അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി.

Also read:”ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്”; പാക് വിമാനം അതിര്‍ത്തി കടന്ന സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍

രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ മൂന്ന് വിമാനങ്ങള്‍ എത്തിയത്. പോര്‍വിമാനങ്ങളില്‍ നിന്നും നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. രൗജരിയിലും നൗഷേര മേഖലയിലാണ് സംഭവം. എന്നാല്‍ വിമാനങ്ങളെ തുരത്തിയതായി നാവികസേന അവാകാശപ്പെട്ടു.

വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാക് അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തിയത്. അതിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് പാക് പ്രകോപനം.