'ഞാന്‍ പറഞ്ഞതല്ലേ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന്' ; അപ്രതീക്ഷ നീക്കത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി
Maharashtra
'ഞാന്‍ പറഞ്ഞതല്ലേ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന്' ; അപ്രതീക്ഷ നീക്കത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 6:22 pm

നാഗ്പൂര്‍: ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഗഡ്കരിയുടെ പ്രതികരണം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ട് വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും വിഷയമേ അല്ല’; രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

ചിലപ്പോള്‍ മല്‍സരം തോല്‍ക്കാമെന്നും അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കളി മാറാമെന്നും ഗഡ്കരി സൂചന നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യങ്ങളുടെ ചോദ്യത്തോട് ഗഡ്കരി പ്രതികരിച്ചത് ഇങ്ങനെയാണ് – ” ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ഞാന്‍ പറഞ്ഞതിന്റെ പ്രാധാന്യം ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ- അദ്ദേഹം പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസിനെയും അജിത് പവാറിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഗവര്‍ണര്‍ നല്‍കിയ കാലയളവില്‍ അവര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

ഫഡ്നാവിസിന്റെയും അജിത് പവറിന്റെയും നേതൃത്വത്തില്‍ മഹാരാഷ്ട്രയ്ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ലഭിക്കും. കൂടുതല്‍ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെ നേരത്തെത്തന്നെ നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരുന്നു.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നുംഅദ്ദേഹം പറഞ്ഞിരുന്നു.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചുമതലയേറ്റത്. ഉപമുഖ്യമന്ത്രിയായി എന്‍.സി.പിയുടെ അജിത് പവാറാണ് ചുമതലയേറ്റത്.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍.