പണം നല്‍കി ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വിലയ്‌ക്കെടുക്കാം; കശ്മീരികളുമൊത്ത് ഭക്ഷണം കഴിക്കുന്ന അജിത് ഡോവലിന്റെ വീഡിയോയില്‍ പ്രതികരിച്ച് ഗുലാം നബി ആസാദ്
ശ്രീനഗര്‍: സുരക്ഷാ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സി.ആര്‍.പി.എഫ് ജവാന്മാരുമായി ഇടപഴകുന്നതിന്റെയും തദ്ദേശവാസികളുമൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പണം കൊടുത്ത് ആരേയും നിങ്ങള്‍ക്ക് വിലക്കെടുക്കാം എന്നായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനം ശാന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്ന വിവാദവും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി ഗുലാം നബി ആസാദ് രംഗത്തെത്തിയത്. പണം കൊടുത്ത് ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വശത്താക്കാമെന്നും ഇതും അങ്ങനെ നടത്തിയ കാര്യമാണെന്നുമായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്.
അടച്ചിട്ട കടകള്‍ക്ക് മുമ്പില്‍ നിന്നാണ് അജിത് ഡോവല്‍ തദ്ദേശവാസികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ഭക്ഷണം ആകട്ടെ പാര്‍സല്‍ വാങ്ങിച്ചതാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡുകള്‍ എല്ലാം വിജനമാണ്. വീഡിയോയില്‍ സംസാരിക്കുന്ന ഏതാനും പേരല്ലാതെ പ്രദേശത്ത് മറ്റാരെയും കാണുന്നുമുണ്ടായിരുന്നില്ല.
ചിത്രം എടുത്തിരിക്കുന്നത് കശ്മീരിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശമായ ഷോപിയാനില്‍ നിന്നാണ്. ഇത്രയും സംഘര്‍ഷ ഭരിതമായ പ്രദേശമായിട്ടും അവിടം ശാന്തമാണെന്ന് വീഡിയോയിലൂടെ കാണിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.
ശാന്തമായ അന്തരീക്ഷമാണ് കശ്മീരിലെങ്കില്‍ തടവിലാക്കിയിരിക്കുന്ന നേതാക്കളെയും ജനങ്ങളെയും എന്തുകൊണ്ടാണ് മോചിപ്പിക്കാത്തതെന്നും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്തുകൊണ്ടാണ് പുനസ്ഥാപിക്കാത്തതെന്നും സാമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.
മുന്‍മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങി നാനൂറോളം നേതാക്കള്‍ അറസ്റ്റിലാണ്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. മറ്റുള്ള നേതാക്കളെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത നേതാക്കളെ ശ്രീനഗറിലെ ഹരി നിവാസിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.