വരുന്ന ജൂൺ മാസത്തിൽ മെസിയുടെ പാരിസ് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.
ജൂണിന് മുമ്പ് മെസിയുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മാറുന്ന മെസിയെ സ്വന്തമാക്കാനായി ഇന്റർ മിയാമി, ബാഴ്സലോണ, അൽ ഹിലാൽ അടക്കമുള്ള ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മെസിയുടെ ബാഴ്സലോണയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ക്ലബ്ബിന്റെ യുവതാരമായ അർനാവൂ ടെനാസ്.
മെസിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിനെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ക്ലബ്ബിനെ സ്നേഹിക്കാത്തവരാണെന്നാണ് ടെനാസിന്റെ പരാമർശം.
ബാഴ്സലോണയിൽ നിന്നും ക്ലബിനുള്ളിലെ പ്രശ്നങ്ങളും ബാഴ്സയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധികളും മൂലമായിരുന്നു മെസി തന്റെ 17 വർഷത്തെ കാറ്റലോണിയൻ ക്ലബ്ബിലെ കരിയർ അവസാനിപ്പിച്ച് പി.എസ്.ജിയിലേക്ക് ചേക്കേറിയത്.
“മെസി ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നത് ക്ലബ്ബിന് നല്ലതല്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ യഥാർത്ഥത്തിൽ ബാഴ്സയെ സ്നേഹിക്കുന്നില്ല എന്നതാണ് അതിനർത്ഥം. മെസി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്,’ അർനാവൂ ടെനാസ് പറഞ്ഞു.