| Wednesday, 10th January 2018, 10:40 pm

ബീഫ് ഇറക്കുമതി തടയുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും; ഗോരക്ഷകര്‍ക്കെതിരെ മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഡ്ഗാവ്: സംസ്ഥാനത്ത് നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നത് തടയുന്നത് ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോരക്ഷകരുടെ ആക്രമണത്തിനെതിരായി സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നതില്‍ ഇടപെടുന്നവര്‍ കര്‍ശനമായി ശിക്ഷിക്കപ്പെടും. നിയമത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ താന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ രേഖകളും രേഖാമൂലമുള്ള പണമടയ്ക്കലും നടത്തിക്കഴിഞ്ഞാല്‍ ബീഫ് ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നാണ് നിയമം അനുശാസിക്കുന്നതെന്നും പരീക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

നിയമങ്ങളെല്ലാം കൃത്യമാണെങ്കില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടല്‍ സാധ്യമല്ലെന്നും ഗോരക്ഷകരെ സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗോരക്ഷയുടെ പേരില്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഗോവയിലെ ബീഫ് ട്രേഡേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ക്രിസ്മസ് ദിനത്തില്‍ ബീഫുമായി വന്ന ഒരു വാഹനത്തിനുനേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട ആക്രമണമാണ് വ്യാപാരികളെ സമരത്തിലേക്കു നയിച്ചത്.

We use cookies to give you the best possible experience. Learn more