ന്യൂദല്‍ഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജ്.
”ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായലും,” അനില്‍ വിജ് പറഞ്ഞു.
അനില്‍ വിജിന്റെ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് ഹരിയാനയില്‍ വഴിവെച്ചത്.
ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബുമായി താരതമ്യം ചെയ്താണ് ബി.ജെ.പി എം.പിയായ പി.സി മോഹന്‍ വിമര്‍ശനം ഉന്നയിച്ചത്.
” ബുര്‍ഹാന്‍ വാണിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മല്‍ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു,” പി.സി മോഹന്‍ പറഞ്ഞു.
ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരുടെ വിവാദ പ്രതികരണം.
ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.
രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.
ചിദംബരത്തിന്റെ പ്രതികരണം
” മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ,” എന്നായിരുന്നു പി.ചിദംബരം ചോദിച്ചത്.
”ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണ്. ദില്ലി പൊലീസ് അടിച്ചമര്‍ത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്. ദിഷ രവിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തണം,” എന്നും ചിദംബരം ആവശ്യപ്പെട്ടു.
സിദ്ധാര്‍ത്ഥിന്റെ പ്രതികരണം
ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Content Highlight: Anyone who has anti-national thoughts must be eradicated’: Anil Vij on Disha Ravi’s arrest