പെട്രോളിയം വകുപ്പ് ഏറ്റെടുക്കുന്നവര്‍ സമ്മര്‍ദ്ദത്തിലാവും: ജയ്പാല്‍ റെഡ്ഡി
India
പെട്രോളിയം വകുപ്പ് ഏറ്റെടുക്കുന്നവര്‍ സമ്മര്‍ദ്ദത്തിലാവും: ജയ്പാല്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2012, 11:13 am

ന്യൂദല്‍ഹി: പെട്രോളിയം വകുപ്പ് ആര് ഏറ്റെടുത്താലും അവര്‍ സമ്മര്‍ദ്ദത്തിലാവുമെന്ന് മുന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി.

“ഞാന്‍ പഴയ പെട്രോളിയം മന്ത്രിയാണ്.ആര് ഈ വകുപ്പ് ഏറ്റെടുത്താലും അവര്‍ സമ്മര്‍ദ്ദിത്തിലാവും. മാത്രമല്ല പെട്രോള്‍ വില ഉയരുന്നതിന്റെ കാരണം ആര്‍ക്കും മനസ്സിലാവുകയുമില്ല”. ജയ്പാല്‍ റെഡ്ഡി പറയുന്നു.[]

ന്യൂദല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ജൈവോര്‍ജ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഇപ്പോള്‍ ജയ്പാല്‍ റെഡ്ഡി വഹിക്കുന്നത്.

75 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണെന്നും ഇതെന്തിനാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും ആരാണ് എണ്ണ വില വര്‍ധിപ്പിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും റെഡ്ഡി പറഞ്ഞു. ഡിമാന്റും സപ്ലൈയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഈ നിഗൂഢതയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പരിഹരിക്കേണ്ടതെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

2011 ലാണ് ജയ്പാല്‍ റെഡ്ഡി പെട്രോളിയം മന്ത്രിയായി ചുമതലയേറ്റത്. പിന്നീട് മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ അദ്ദേഹത്തെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റുകയും ചെയ്തു.

രാജ്യത്തെ വ്യവസായ ഭീമന്‍ റിലയന്‍സിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതാണ് ജയ്പാല്‍ റെഡ്ഡിക്ക് പെട്രോള്‍ വകുപ്പ് നഷ്ടമാകാന്‍ കാരണമെന്ന് “ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍” നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

മുകേഷ് അംബാനിയെ പ്രധാനമന്ത്രി കൈയ്യഴിഞ്ഞ് സഹായിച്ചു എന്നാണ് കെജ്‌രിവാളിന്റെ ആരോപിച്ചിരുന്നത്.

രാജ്യത്തെ പാചകവാതവില വര്‍ധിച്ചതോടെ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഗ്രൂപ്പാണെന്നും ഇതിലൂടെ റിലയന്‍സിന് 43000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യം ഭരിക്കുന്നത് റിലയന്‍സിന് വേണ്ടി’ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം