| Thursday, 15th February 2024, 10:44 pm

തേച്ച് മിനുക്കിയാൽ ഇനിയും മിന്നും, ഭ്രമയുഗത്തിലെ സിദ്ധാർത്ഥ് ഭരതൻ

നവ്‌നീത് എസ്.

ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമയുഗം. പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പിൽ കയറിയ ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുണ്ട്.

കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന നടനാണ് അർജുൻ അശോകൻ. ചിത്രത്തിലെ ഏറ്റവും സ്ക്രീൻ ടൈം ഉള്ളതും താരത്തിനാണ്. എന്നാൽ ചിത്രത്തിൽ അർജുൻ അശോകനോടൊപ്പം വളരെ വ്യത്യസ്തമായൊരു കഥാപാത്രമായി സിദ്ധാർത്ഥ് ഭരതൻ ഞെട്ടിക്കുന്നുണ്ട്.

മലയാള സിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത ഒരു നടനായിട്ടാണ് സിദ്ധാർത്ഥ് ഭരതനെ ചിത്രം കണ്ടപ്പോൾ തോന്നിയത്. തുടക്കം മുതൽ ഒടുക്കം വരെ വളരെ സട്ടിലായി അഭിനയിക്കുന്ന സിദ്ധാർഥിന്റെ പ്രകടനം നിഗൂഢത ഒളിപ്പിച്ചിട്ടാണ് മുന്നോട്ടുപോകുന്നത്. അത് ഏറ്റവും മികച്ച തരത്തിൽ സിദ്ധാർത്ഥ് അവതരിപ്പിച്ചിട്ടുണ്ട്.

സംവിധായകൻ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ള സിദ്ധാർത്ഥ് ഒരു അഭിനേതാവ് എന്ന രീതിയിൽ സ്പിരിറ്റ്‌, വേല, തുടങ്ങിയ വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ ശ്രദ്ധ നേടിയിട്ടുള്ളൂ.

കമൽ സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രമായ നമ്മളിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് വരുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ആദ്യ സിനിമയുടെ വിജയം പിന്നീടുള്ളവ നേടിയില്ല.

ശേഷം സംവിധായകൻ എന്ന നിലയിൽ ഉയർന്നുവന്ന സിദ്ധാർത്ഥിനെയാണ് മലയാളികൾ കണ്ടത്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ജിന്ന് തുടങ്ങിയ വ്യത്യസ്ത സിനിമകളിലൂടെ ഭരതന്റെ ഈ മകൻ മലയാളത്തിൽ നിറഞ്ഞു നിന്നു.

എന്നാൽ താനൊരു മികച്ച അഭിനേതാവ് കൂടെയാണെന്ന് തെളിയിക്കുകയാണ് താരം. സംഭാഷണങ്ങൾക്കും ചെറിയ ഭാവങ്ങൾക്കുപോലും വലിയ പ്രാധാന്യമുള്ള ചിത്രമാണ് ഭൂതകാലം. തുടക്കം മുതൽ ഒടുക്കം വരെ ചിത്രത്തിലെ കഥാപാത്രത്തെ പൂർണമായി തന്നിൽ നിലനിർത്തുന്നതിൽ അദ്ദേഹം വിജയിക്കുന്നുണ്ട്.

മമ്മൂട്ടിയെ പോലൊരു മഹാ നടന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകളിലും അദ്ദേഹത്തോളം തന്നെ കയ്യടി അർഹിക്കുന്ന പ്രകടനമാണ് താരം ഭ്രമയുഗത്തിൽ കാഴ്ച്ചവെക്കുന്നത്.

വലിയ ബഹളങ്ങൾ ഇല്ലാതെ പറയാനുള്ളതും ചെയ്യാനുള്ളതും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് കൊടു മൺ പോറ്റിയുടെ വെപ്പുക്കാരൻ. ചിത്രത്തിൽ ഉടനീളം നിഗൂഢത ഒളിപ്പിച്ച് സിനിമ അവസാനിക്കുമ്പോൾ ഭ്രമയുഗത്തിൽ പെട്ടുപോയ ഏതൊരു പ്രേക്ഷകനും തോന്നും ഇയാളെ ഇനിയും മലയാള സിനിമ ഉപയോഗിക്കാൻ ഇല്ലേയെന്ന്.

Content Highlight: Anylisis Of Sidharth Bharathan’s Acting In Bramayugam

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more