കൊല്‍ക്കത്ത: മുസ്‌ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അമേരിക്കയിലെ പോലെ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേയും അമേരിക്കയിലേയും ന്യൂനപക്ഷങ്ങള്‍ താരതമ്യേന സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയുടെ പക്ഷം പിടിക്കുന്നവര്‍ മുസ്‌ലിം ജനസംഖ്യയെക്കുറിച്ച് അനാവശ്യ ഭയം പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല’, അദ്ദേഹം പറഞ്ഞു.
ഭാര്യ എസ്തര്‍ ഡുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് 2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ അഭിജിത് ബാനര്‍ജി കരസ്ഥമാക്കിയത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപകനാണ് അദ്ദേഹം.