ബെംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്കെതിരായ ഒരു സഖ്യവും സാധ്യമാവുകയില്ലെന്ന് ദേവഗൗഡ രാജ്യത്തേറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കോണ്‍ഗ്രസില്‍ ചിത്രത്തിലുണ്ടാവും. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ജയിക്കാനായാല്‍ സ്വാഭാവികമായും ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാവുമെന്നും ദേവഗൗഡ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക രാഷ്ട്രീയത്തെ കുറിച്ചും ബി.ജെ.പി വിരുദ്ധസഖ്യത്തെ കുറിച്ചും ദേവഗൗഡ സംസാരിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത് 2019ലെ ബി.ജെ.പി വിരുദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടികളില്‍ ചിലത് കോണ്‍ഗ്രസിനോട് എതിര്‍പ്പുള്ളതും ഇല്ലാത്തതുമുണ്ട്, പക്ഷെ എല്ലാവരുടെയും കേന്ദ്ര അജണ്ട ബി.ജെ.പിയെ എതിര്‍ക്കുകയെന്നുള്ളതാണ്. ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഈ രണ്ട് വിഭാഗങ്ങളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ സ്വഭാവം സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്നും ഈ പ്ലാറ്റ്‌ഫോം പുതിയ മുന്നണിയുടെ സൂചനയാകുമെന്നും ഗൗഡ പറഞ്ഞു.
കര്‍ണാടകയിലേത് ജുഡീഷ്യറിയുടെ വിജയമാണെന്നും കുതിരക്കച്ചവടം തടഞ്ഞതിലൂടെ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങള്‍ വേദനിപ്പിച്ചു, പ്രതിപക്ഷത്തിരിക്കാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനം, പക്ഷെ രാജ്യത്തിന്റെ വിശാലതാത്പര്യം മുന്‍നിര്‍ത്തി തനിക്കും പാര്‍ട്ടിക്കുമേറ്റ അപമാനം ക്ഷമിച്ചെന്നും ഗൗഡ പറഞ്ഞു.
പക്ഷെ ഇത് പഴയ മുറിവുകള്‍ പരിശോധിക്കേണ്ട സമയമല്ല, കോണ്‍ഗ്രസിന്റെയും ഞങ്ങളുടെയും ഭാഗത്ത് നിന്ന് പണ്ട് സംഭവിച്ച തെറ്റുകള്‍ ചികയാന്‍ ഞാനോ എന്റെ മകന്‍ കുമാരസ്വാമിയോ താത്പര്യപ്പെടുന്നില്ല. മതേതരത്വത്തിന് വേണ്ടി നിലകൊണ്ട പഴയ പ്രധാനമന്ത്രിയെന്ന പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ട സമയമാണിത്. ഇത് രാജ്യത്തിന്റെ വിളി കേള്‍ക്കേണ്ട സമയമാണ്. ദേവഗൗഡ പറഞ്ഞു.