[]ഷിംല: രാഷ്ട്രീയ കോലാഹലങ്ങളില്‍ പാര്‍ലമെന്റ് നിരന്തരമായി തടസ്സപ്പെടുന്നതില്‍ താന്‍ അങ്ങേയറ്റം ആശങ്കവാനും, ദുഃഖിതനുമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. രാഷട്രീയ പാര്‍ട്ടികളും, അവരുടെ നേതാക്കന്മാരും, ചര്‍ച്ചകളുടെയും, വാദപ്രതിവാദങ്ങളുടെയും പേരില്‍ നിരന്തരമായി സഭ തടസ്സപ്പെടുത്തുന്നത് സുഗമമായ ജനാധിപത്യ സംവിധാനത്തിന് ആഗാതം സൃഷ്ടിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.[]
ഇക്കാര്യം വ്യക്തമാക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും, നേതാക്കന്മാരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഹിമാചല്‍പ്രദേശ് പാര്‍ലമെന്റിനെ അഭിസംബോധനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
നേതാക്കന്മാരെ തിരഞ്ഞെടുത്തത് ജനങ്ങളാണ് അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കുമായിരിക്കണം രാഷ്ട്രീക്കാര്‍ മുന്‍ തൂക്കം നല്‍കേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ വിട്ട് നിന്ന് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കലല്ല നേതാക്കളുടെ ലക്ഷ്യം, ജനങ്ങളുടെ വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം അധികാരത്തെ ഉപയോഗിക്കുന്നത് അങ്ങേയറ്റത്തെ വിമര്‍ശനാത്മകമാണെന്നും രഷ്ട്രപതി വ്യക്തമാക്കി.
ഭൂരിപക്ഷം നേടുന്നവരാണ് അധികാരത്തില്‍ വരുന്നത്. മറ്റുള്ളവര്‍ പ്രതിപക്ഷത്തേക്ക് മാറും, ജനാധിപത്യത്തില്‍ ഇത് സ്വാഭാവികമാണ്. അതേസമയം ഭരണപക്ഷത്തിന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് തോന്നുന്ന പക്ഷം പ്രതിപക്ഷത്തിന് അതുന്നയിക്കാം.
എന്നാല്‍ സഭയൊന്നാകെ തടസ്സപ്പെടുത്തി നിയമ നിര്‍മ്മാണം മുടക്കുന്ന പ്രവണത ഉണ്ടാക്കരുത്. ഇത്തരം കാര്യങ്ങളില്‍ ഭരണപക്ഷവും, പ്രതിപക്ഷ കക്ഷികളും യോജിച്ച് തങ്ങളുടെ തീരുമാനം രൂപീകരിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സ്തംഭിക്കുന്നത് മൂലം ഇന്ത്യയില്‍ നിയമ നിര്‍മ്മാണത്തിന് തടസ്സം വരാതെ നേക്കേണ്ടത് രാഷട്രീയ കക്ഷികളുടെ ഉത്തരവാദിത്വമാണെന്നും, കൃത്യമായ ഒരു പരിഹാരം ഇക്കാര്യത്തിലുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളോടും ആവശ്യപ്പെടുന്നതായും ഹിമാചല്‍ പ്രദേശില്‍ പാര്‍ലമെന്റ് പ്രതിനിധികളെ അഭിസംബോധനം ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.