| Friday, 9th February 2024, 6:30 pm

അന്വേഷിപ്പൂ ഒരു നല്ല ത്രില്ലർ കണ്ടെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. മുമ്പ് മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയിൽ വ്യത്യസ്തമായ ഒരു ത്രില്ലർ അനുഭവം സമ്മാനിച്ചത് കൊണ്ടാണ് ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരുകൂട്ടം പൊലീസുകാർ നടത്തുന്ന യാത്രകളെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

അത്തരത്തിൽ ഒരു ചിത്രം തന്നെയാണ് നവാഗതനായ ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഇന്നിറങ്ങിയ ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും.

സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ കേസന്വേഷണങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. സസ്പെൻസ് ത്രില്ലർ സിനിമകൾ എന്ന് കേൾക്കുമ്പോൾ പൊതുവേ ഒരു ധാരണയുണ്ട്, ഒരു സീരിയൽ കില്ലിങ്ങോ, അല്ലെങ്കിൽ ഒരു റിവഞ്ച് സ്റ്റോറിയോയായ കഥകൾ. മലയാളത്തിൽ അവസാനം ഇറങ്ങി വിജയമായി മാറിയ മിഥുൻ മാനുവൽ തോമസ് ചിത്രം അബ്രഹാം ഓസ്‌ലറും ആ രീതി പിന്തുടർന്ന ചിത്രം ആയിരുന്നു. എന്നാൽ ഇത്തരത്തിൽ കാലങ്ങളായി എല്ലാ ഭാഷയിലുമുള്ള സിനിമകളും പിന്തുടർന്ന് വരുന്ന പറ്റേണുള്ള സിനിമയല്ല അന്വേഷിപ്പിൻ കണ്ടെത്തും.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ആ സമയത്ത് നാട്ടിൻ പ്രദേശങ്ങളിൽ നടക്കുന്ന ക്രൈമുകളെ കുറിച്ചാണ് പറയുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും പഴയകാലത്ത് അത്തരത്തിലൊരു കേസ് തെളിയിക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളും എല്ലാമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകരും കേസന്വേഷണത്തിൽ പങ്കാളികളാവുന്നുണ്ട്. ടെക്നോളജി ഒട്ടും വളർന്നിട്ടില്ലാത്ത കാലത്ത് തെളിയിക്കപ്പെടാൻ കഴിയാതെ പോയ ഒരുപാട് കേസുകൾ ഉണ്ടാവും. ആ വിധത്തിലുള്ള കേസുകളാണ് സിനിമ അവതരിപ്പിക്കുന്നത്.

മറ്റു നായകന്മാരെ പോലെ തന്നെ എന്തു വില കൊടുത്തിട്ടാണെങ്കിലും കേസ് തെളിയിക്കണമെന്ന് സത്യസന്ധമായി ആഗ്രഹിക്കുന്ന നായകൻ തന്നെയാണ് ടൊവിനോയുടെ ആനന്ദ് നാരായണനും. പക്ഷേ ഒരിക്കലും ഒരു ഹീറോ പരിവേഷമോ മാസ് അപ്പിയറനസോ ആ കഥാപാത്രത്തിന് നൽകുന്നില്ല. പൊലീസ് സേനക്കിടയിലെ സീനിയർ ജൂനിയർ ഈഗോ പ്രശ്നങ്ങളെല്ലാം മലയാള സിനിമയിൽ മുമ്പും കണ്ടിട്ടുള്ളതാണെങ്കിലും ഇതിലേക്ക് വരുമ്പോൾ വ്യക്തമായ കാരണങ്ങൾ സിനിമ പറയുന്നുണ്ട്.

കൽക്കിയിലോ, എസ്രയിലോ പ്രേക്ഷകർ കണ്ട ടൊവിനോയെ ഇവിടെ കാണാൻ കഴിയില്ല എന്നതാണ് പ്രശംസനീയമായ കാര്യം. നായകന്റെയും മറ്റ് താരങ്ങളുടെയും കുടുംബ പശ്ചാത്തലത്തെ കുറിച്ചൊന്നും പറയാൻ മുതിരാതെ പൂർണമായും കഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോവുന്നത്. കേസന്വേഷണ സംഘത്തിലെ നാലു പോലീസുകാർക്കും വ്യത്യസ്ത സ്വഭാവങ്ങളാണ്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായിട്ടുള്ള പ്ലേസ്മെന്റ് തിരക്കഥ നൽകുന്നുണ്ട്. ഒരു പെൺകുട്ടിയുടെ തിരോദാനത്തിലൂടെ ആരംഭിക്കുന്ന ചിത്രം ആദ്യം തന്നെ ട്രാക്കിൽ കയറുന്നുണ്ട്.

ഓരോ തെളിവുകളും ഏറെ പ്രയാസപ്പെട്ടാണ് ആനന്ദും സംഘവും കണ്ടെത്തുന്നത്. ചില ചിത്രങ്ങളിലെ പോലെ നായകനായി ഒരു തെളിവും കഥ ക്രിയേറ്റ് ചെയ്യുന്നില്ല. കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘത്തിന്റെ മുന്നിൽ ഒരുപാടാളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ താരനിര കൊണ്ട് സമ്പന്നമായ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, വെട്ടുക്കിളി പ്രകാശ്, കോട്ടയം നസീർ തുടങ്ങി വലിയ താരനിര ചേരുമ്പോഴും ഒരു കഥാപാത്രത്തെക്കുറിച്ചു മാത്രം സംസാരിക്കാതെ എല്ലാവരെയും ഒരുപോലെയാണ് കഥ പരിഗണിക്കുന്നത്.

സിനിമയുടെ ടെക്നിക്കൽ വശങ്ങളിലേക്ക് വന്നാൽ എടുത്ത് പറയേണ്ടത് തൊണ്ണൂറുകൾ റീക്രിയേറ്റ് ചെയ്ത രീതിയാണ്. വസ്ത്രത്തിലും, വണ്ടികളിലും അതെല്ലാം പ്രകടമാണ്. സിനിമയ്ക്ക് ഉപയോഗിച്ച ക്യാമറ തീമും അതിനെ മികച്ചതാക്കുന്നുണ്ട്.

തമിഴിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മ്യൂസിക് ചെയ്യുന്ന മലയാള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സ്ലോ പേസിൽ പോവുന്ന ത്രില്ലറിനെ കഥയുടെ ഒഴുക്ക് പോലെ പിടിച്ചിരുത്താൻ സന്തോഷിന്റെ മ്യൂസിക്കും വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരന്റെ ക്യാമറ കണ്ണുകളും പൂർണമായി അന്വേഷണത്തെ സഹായിക്കുന്നുണ്ട്. റോ ആയി കഥ പറയുന്ന ചിത്രത്തിന് വേണ്ട രീതിയിൽ മികച്ച ദൃശ്യഭാഷ ഗിരീഷും ഒരുക്കുന്നുണ്ട്. സൈജു ശ്രീധറിന്റെ എഡിറ്റിങ്ങും കയ്യടി നേടുന്നുണ്ട്.

ജിനു എബ്രഹാം രചന നിർവഹിച്ച ചിത്രം ജിനുവിന്റെ മുമ്പത്തെ ചിത്രങ്ങളിൽ നിന്ന് പൂർണമായി വേറിട്ടു നിൽക്കുന്നതാണ്.

ബഹളമോ താരപരിവേഷമോയില്ലാതെ അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സും കഥയോട് ചേർന്ന് നിൽക്കുന്നതാണ്. ടെക്നോളജിയുടെ അഭാവത്തിൽ, തെളിവുകൾ മാത്രം കൈമുതലാക്കി യുക്തിപരമായി കേസ് അന്വേഷണത്തിന് ഇറങ്ങുന്ന സാധാരണക്കാരായ കുറച്ച് പൊലിസുകാരാണ് എസ്. ഐ ആനന്ദ് നാരായണനും സംഘവും. ബോറടിപ്പിക്കാത്ത സിനിമാനുഭവമായി മാറുമ്പോഴും മറ്റൊരു അഞ്ചാം പാതിരയോ, മെമ്മറിസോ പ്രതീക്ഷിച്ചാവരുത് ഈ സിനിമ കാണാൻ എത്തേണ്ടത്.

Content Highlight: Anweshppin Kandethum Movie Analysis

We use cookies to give you the best possible experience. Learn more