ആര് പറയുന്നതായിരിക്കും സത്യം, ആരുടെ വാക്കുകളാകും അസത്യം തെളിവുകളിലൂടെ അത് കണ്ടെത്താൻ നിഗൂഢമായ വഴിത്തിരിവുകളിലൂടെ അന്വേഷിച്ചിറങ്ങുകയാണ് എസ്.ഐ ആനന്ദ് നാരായണൻ. കരിയറിലെ മൂന്നാമത്തെ പൊലീസ് വേഷത്തിൽ ടൊവിനോ തോമസ് എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പൊലീസുകാരന്‍റെ വേഷപകർച്ചയാണ് ചിത്രത്തിൽ ടൊവിനോയ്ക്ക് ഉള്ളത്. ഒരു പെൺകുട്ടിയുടെ കൊലപാതകവും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തും.
അതിദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഒട്ടേറെ രംഗങ്ങൾ സിനിമയിൽ ഉണ്ടാകുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പൊലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ടീസർ സിനിമയുടെ ഇതിവൃത്തം എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് കൂടുതൽ സൂചനകള്‍ നൽകുന്നതാണ്. വിവാദമായ ഒരു കൊലപാതക കേസിന് പിന്നാലെ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമായ എസ്. ഐ. ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും നടത്തുന്ന അന്വേഷണമാണ് സിനിമയെന്നാണ് സൂചന.
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്‍റ് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.
ടൊവിനോയെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്.
പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം മാര്‍ച്ച് അഞ്ചിന് കോട്ടയത്ത് ആരംഭിച്ചിരുന്നു. സിനിമയുടെ സ്വിച്ചോൺ കര്‍മ്മം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.
എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
ഈ ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി.ആർ. ഒ ശബരി, ഡിജിറ്റൽ ഒബ്സ്ക്യൂറ
Content Highlight: Anweshipin Kandethum Movie New Teaser