കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പോലീസുകാര്‍ ഞാണിന്മേല് കളി നടത്തിയതായി അന്വേഷി പ്രസിഡന്റ് കെ. അജിത. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അജിത.
കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തീരെ നെഗറ്റീവ് ആണെന്ന് കരുതുന്നില്ല. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പല നിലപാടും കേസിന് അനുകൂലമായ രീതിയിലായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോലീസുകാര്‍ക്ക് ധൈര്യം കുറയും.
കേസില്‍ എവിടേയും തൊടാതെയുള്ള തീരുമാനം കോടതി എടുത്തുകൊള്ളട്ടേയെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു. അജിത-വി.എസ് കൂടിക്കാഴ്ച ഏതാണ്ട് ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ഇവര്‍ക്കൊപ്പം വി.എസ്സിന്റെ അഭിഭാഷകന് രാജീവുമുണ്ടായിരുന്നു.
ഇതിനുമുന്‍പ് വി.എസ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.