| Wednesday, 12th July 2017, 7:13 pm

നടി ആക്രമിക്കപ്പെട്ട കേസ്: അന്‍വര്‍ സാദത്ത് എം.എല്‍.എയെ ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സുഹൃത്താണ് അന്‍വര്‍ സാദത്ത്. ആക്രമണമുണ്ടായ സംഭവത്തിന് ശേഷം സാദത്ത് ദിലീപിനെ പല തവണ ഫോണ്‍ ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ഇപ്പോള്‍ വിദേശത്തുള്ള എം.എല്‍.എ നാട്ടിലെത്തിയാല്‍ ഉടനെ ചോദ്യം ചെയ്യും. അതേസമയം, ജനങ്ങളുടെ പ്രതിഷേധം കാരണം തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ദിലീപിനെ കണ്ടതു മുതല്‍ ജനം കൂവി വിളിച്ച് ബഹളം വെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്.

കേസിലെ ആദ്യ ഗൂഢാലോചന നടന്ന അബാദ് പ്ലാസ ഹോട്ടലിലെത്തിച്ച് ദിലീപിന്റെ സാന്നിധ്യത്തില്‍ തെളിവെടുക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2013 ല്‍ അബാദ് പ്ലാസയില്‍ നടന്ന സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പായിരുന്നു നടിക്കെതിരായ ആക്രമണത്തിന്റെ ഗുഢാലോചനയുടെ ആദ്യം അധ്യായം അരങ്ങേറിയത്.

അതേസമയം, ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. ഇന്നു വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Latest Stories

We use cookies to give you the best possible experience. Learn more