തിരുവനന്തപുരം: എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമസഭയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്.
താന്‍ പറഞ്ഞത് പ്രകാരം സ്റ്റേഷനില്‍ പരാതി പറയാനായി ചെന്ന ബന്ധുവിനോട് കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിയായിരുന്നു അഫ്‌സല്‍ എന്ന പൊലീസുകാരന്‍ പറഞ്ഞതെന്നും നോമ്പ് അനുഷ്ഠിക്കുന്ന തന്റെ ഉമ്മയെ പോലും അയാള്‍ തെറിവിളിച്ചെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ സഭയില്‍ പറഞ്ഞു.
“” മുഖ്യമന്ത്രി പറഞ്ഞില്ലേ അഫ്‌സല്‍ എന്ന പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന്, ആ അഫ്‌സല്‍ എന്ന പൊലീസുകാരനെ കുറിച്ചാണ് പറയുന്നത്.
നിങ്ങള്‍ പോയി എസ്.ഐയെ കാണൂ, ഇപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ പറഞ്ഞതുപ്രകാരം സ്റ്റേഷനിലേക്ക് ചെന്ന ഉസ്മാന്റെ ബന്ധുവിനോട് അയാള്‍ തട്ടിക്കയറുകയായിരുന്നു.
എം.എല്‍.എ പറഞ്ഞിട്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ പറഞ്ഞ തെറി നിയമസഭാ രേഖകളില്‍ പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ പൊലീസാണ് ഇത് ചെയ്യുന്നത്. ആ അഫ്‌സല്‍ എന്ന പൊലീസ് എന്റെ വീട്ടിലിരിക്കുന്ന ആളുകളെ പോലും അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.
നോമ്പ് കാലത്ത് നോമ്പ് അനുഷ്ഠിക്കുന്ന എന്റെ ഉമ്മയെപ്പോലും ചീത്തവിളിക്കുകയായിരുന്നു അയാള്‍. എന്റെ പ്രയാസം ഇവിടെ പറയുന്നില്ല. നിയമസഭാ രേഖകളില്‍ അത് പാടില്ല. പൊതുസമൂഹം അറിഞ്ഞാല്‍ എനിക്ക് തന്നെ അത് നാണക്കേടാണ്. ഉസ്മാനെ ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നുകണ്ടപ്പോള്‍ ആ ബന്ധു എന്നെ മാറ്റി നിര്‍ത്തിപ്പറഞ്ഞു, ഞാന്‍ ആരും കേള്‍ക്കെ ഇത് പറയുന്നില്ല. ഇതാണ് എം.എല്‍.എയുടെ ഉമ്മയെ കുറിച്ച് പറഞ്ഞതെന്ന് പറഞ്ഞപ്പോള്‍ അഭിമാനം ഉള്ള ആളുകള്‍ എന്തുചെയ്യണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിത്തരണം””- അന്‍വര്‍ സാദത്ത് പറഞ്ഞു.
പ്രതിപക്ഷത്തെ ചിലരെ തീവ്രവാദത്തെ പ്രോത്സാപ്പിക്കുന്നവരായി ചിത്രീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ വിശദീകരണത്തില്‍ സഭ പ്രക്ഷുബ്ധമായിരുന്നു.
ആലുവയില്‍ പ്രശ്‌നമുണ്ടായിക്കിയത് തീവ്രവാദികളാണെന്നും തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതെന്നുമായിരുന്നു പിണറായി വിജയന്റെ ആദ്യ പ്രസ്താവന.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെയെങ്കിലും ആലുവ എം.എല്‍.എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സംസാരം തുടങ്ങിയത്.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും തീവ്രവാദികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.