തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിനെ കൈവിട്ട് എല്‍.ഡി.എഫും സി.പി.ഐ.എമ്മും. അന്‍വറിന്റെ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും പറഞ്ഞു.
അന്‍വറിന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും അന്‍വര്‍ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണോ എന്ന് സംശയിക്കുന്നതായും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ജനങ്ങള്‍ നല്‍കിയ സുര്യതേജസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അത് അന്‍വറിന്റെ പത്രസമ്മേളനം കൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ പത്രസമ്മേളനം നടത്തി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്‍വര്‍ മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനും നല്‍കിയിട്ടുള്ള പരാതിയിന്‍മേല്‍ അന്വേഷണം നടക്കുകയാണെന്നും അത് പൂര്‍ത്തിയാകുന്നതിന് മുമ്പായി പരാതിയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യോജിക്കുന്ന നിലയിലല്ല അന്‍വറിന്റെ നിലപാടുകളെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
ഒരു ഇടതുപക്ഷ എം.എല്‍.എയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലപാടുകളല്ല പി.വി. അന്‍വറില്‍ നിന്നുണ്ടാകുന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യോറോ അംഗം എ.വിജരാഘവന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിക്ക് മുന്നില്‍ ഉന്നയിക്കുകയാണ് വേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്നും അതില്‍ തെറ്റായ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു പി.വി. അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് പോലും അന്‍വര്‍ പറഞ്ഞു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം
content highlights: Anwar’s stance not acceptable: LDF, CPI(M) reject Left MLA