|

ഡി.എം.കെ രാഷ്ടീയ പാര്‍ട്ടിയല്ല; സോഷ്യല്‍ മൂവ്‌മെന്റ്: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താന്‍ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സോഷ്യല്‍ മൂവ്‌മെന്റാണെന്നും പി.വി.അന്‍വര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പിന്തുണ നല്‍കുന്ന എല്ലാവരെയും മുന്നണി സ്വീകരിക്കുമെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പ്രബല നേതാക്കളേക്കാള്‍ കൂടുതല്‍ തന്റെ പാര്‍ട്ടിയില്‍ ഉണ്ടാവുക സാധാരണക്കാരായിരിക്കുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പി.വി.അന്‍വറിന്റെ പരാമര്‍ശം.

സാധാരണക്കാരായ മനുഷ്യരായിരിക്കും തന്റെ പാര്‍ട്ടിയിലെ പ്രബല നേതാക്കളെന്നും തേച്ചുമിനുക്കിയ ഷര്‍ട്ടും മുണ്ടും ധരിച്ച് വരുന്ന രാഷ്ട്രീയകാരല്ല അവരെന്നും അന്‍വര്‍ വ്യക്തമാക്കി.

പാര്‍ട്ടി പ്രഖ്യാപിക്കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും എന്നിരുന്നാലും മഞ്ചേരി ജസീല ജംഗ്ഷനില്‍ വെച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും സോഷ്യല്‍ മൂവ്‌മെന്റിന്റെ ഭാഗമായി മത്സരിക്കുമെന്നും എന്നാല്‍ ഇതേ പേരില്‍ ആയിരിക്കുമോ മത്സരിക്കുന്നത് എന്നത് പറയാനാവില്ലെന്നും പല സാങ്കേതിക തടസങ്ങളും അതിനുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയങ്ങളും ഉയര്‍ത്തി കാട്ടിയായിരിക്കും പാര്‍ട്ടിയുടെ മുന്നോട്ട് പോക്കെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ മുന്നേറ്റമാണ് സോഷ്യല്‍ മൂവ്‌മെന്റെന്നും അതിനാലാണ് ഇങ്ങനൊരു പേര് നിശ്ചയിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

തനിക്ക് മേലെ വര്‍ഗീയതയുടെ ചാപ്പ കുത്തിയിരിക്കുന്നുവെന്നും അതിനാലാണ് മനാഫിനെയും അര്‍ജുനെയും ബോര്‍ഡിലെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്ന് നേരത്തെ മഞ്ചേരിയിലെ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. വെളിച്ചം അത്യാവശ്യമായതിനാലാണ് സംഘടനയുടെ പേരിനൊപ്പം ടോര്‍ച്ച് വച്ചതെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച അന്‍വര്‍ ഇന്നലെ തമിഴ്‌നാട്ടില്‍ വെച്ച് ദ്രാവിഡ മുന്നേറ്റ കഴകം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് മഞ്ചേരിയില്‍ വെച്ച് നടക്കുന്ന നയപ്രഖ്യാപന യോഗത്തില്‍ വിശദമായ വിവരങ്ങള്‍ കൈമാറുമെന്നാണ് പി.വി. അന്‍വര്‍ പറഞ്ഞത്.

Content Highlight: Anwar’s DMK is not political party its a social movement