മുതിര്‍ന്നവരുടെ ലോകത്ത് ഏപ്പോഴും അവര്‍ ചെയ്യുന്നത് മാത്രമാണ് ശരി, കുട്ടികള്‍ പലപ്പോഴും തെറ്റുകള്‍ മാത്രം ചെയ്യുന്നവരായിരിക്കും. ഒരിക്കല്‍ പോലും കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ പലരും തയ്യാറാവാറില്ല. മുതിര്‍ന്നവരുടെ ‘നേര്‍വഴിക്ക്’ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിചാരിക്കുന്നതിനെക്കാള്‍ വലിയ രീതിയിലായിരിക്കും കുട്ടികളെ ബാധിക്കുക.
ഏത്രയോ പേര്‍ ഇപ്പോഴും കുട്ടിക്കാലത്തെ ശാസനയുടെയും ശിക്ഷകളുടെയും വേദന വളര്‍ന്ന് ‘മുതിര്‍ന്നവര്‍’ ആകുമ്പോഴും പേറുന്നവരാണ്.
…………………………………………….
ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷണം. ആദ്യ ചിത്രത്തില്‍ നിന്ന് രണ്ടാമത്തെ ചിത്രത്തില്‍ എത്തുമ്പോഴാണ് ഒരു സംവിധായകന്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുക എന്ന് പറയാറുണ്ട്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ പ്രശോഭിന്റെ രണ്ടാമത്തെ സംവിധാന ശ്രമവും വിജയം തന്നെയാണ്.
ജയസൂര്യ, വിജയ് ബാബു, ശ്രുതി രാമചന്ദ്രന്‍, ലെന, ലിയോണ, നന്ദു, ജയ് വിഷ്ണു തുടങ്ങിയവരാണ് അന്വേഷണത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ബഹുഭൂരിപക്ഷവും കഥ നടക്കുന്നത്. ഒരേസമയം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായും ഒരു ഇമോഷണല്‍ ഡ്രാമയായും കാണാവുന്ന ചിത്രമാണ് അന്വേഷണം.
പരിക്കേറ്റ് ആശുപത്രിയില്‍ ഒരു കുട്ടിയെ പ്രവേശിപ്പിക്കുന്നു. എന്നാല്‍ ഈ കുട്ടിയുടെത് ചൈല്‍ഡ് അബ്യൂസ് പരിക്കാണെന്ന് പൊലീസിന് ലഭിച്ച ഒരു ഫോണ്‍ കോളിന്റെ പുറത്ത് എ.സി.പിയും ഒരു എസ്.ഐയും ഒരു കോണ്‍സ്റ്റബിളും ആശുപത്രിയില്‍ എത്തുന്നതോട് കൂടിയാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്.
വിവിധ സമയങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഒരു കൂട്ടം ആളുകളിലൂടെ അവതരിപ്പിക്കുകയും ഒടുവില്‍ അന്വേഷണത്തിന് ഉത്തരം ലഭിക്കുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുകയും ചെയ്യുന്നു.
പലപ്പോഴും സത്യത്തിനും അപ്പുറത്ത് നില്‍ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വളരെ വിചിത്രമായി തോന്നാവുന്ന, ബന്ധങ്ങളും വൈകാരികതയും മനുഷ്യനെ നയിക്കാറുണ്ട്. അവനവന്റെ വൈകാരികതയെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയാത്തത് കൊണ്ടണ് അത്.
സത്യം എപ്പോഴും വിചിത്രമായിരിക്കും… എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലിയോണയാണ് ചിത്രത്തില്‍ എ.സി.പിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. പതര്‍ച്ചകളില്ലാതെ അതിശയോക്തി ഒട്ടും ഇല്ലാതെ തന്നെ അവര്‍ക്ക് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജയസൂര്യയുടെ അരവിന്ദ് എന്ന വേഷം മികച്ച രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു. ശ്രുതിയും വിജയ് ബാബുവും ഒരേ പോലെ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
എറെ കാലത്തിന് ശേഷം ലെനയുടെയും മികച്ച ഒരു വേഷമായിരുന്നു നഴ്‌സിംഗ് സൂപ്രണ്ടിന്റെത്. ഒരുപാട് ലെയറുകളുള്ള ഭൂതകാലത്തിന്റെ ദുരന്തങ്ങള്‍ ഇപ്പോഴും മനസില്‍ പേറുന്ന വ്യക്തിയായി ലെന മികച്ച പ്രകടനമാണ് നടത്തിയത്.
ഛായാഗ്രഹകന്‍ സുജിത് വാസുദേവും ചില സീനുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ സൗണ്ട് ഡിസൈനും ചിത്രത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്.
ചിത്രം ആരംഭിക്കുമ്പോള്‍ ഉള്ള ഗാനവും അതിന്റെ ഷോട്ടുകളും കൂടുതല്‍ പ്രേക്ഷകനുമായി അടുക്കുന്നത് സിനിമയുടെ അവസാനമാകുമ്പോഴെക്കുമാണ്. അതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
കഥപറയുന്ന രീതിക്കും പുതുമകള്‍ അവകാശപ്പെടാനുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കാമായിരുന്ന ചില രംഗങ്ങള്‍ അലസമായി എടുത്ത പോലെ അനുഭവപ്പെട്ടു. ചിത്രത്തിന്റെ ക്ലൈമാക്‌സിലും ചെറിയ ചില കല്ലുകടി തോന്നി.