കോഴിക്കോട്: പൊതുചടങ്ങില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുളള ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്ന് പി.വി. അന്‍വര്‍ എം.എല്‍.എ.
ഇത്തരം മാമൂലുകള്‍ ഒഴിവാക്കപ്പെടണമെന്നും ഇതുപറഞ്ഞതിന്റെ പേരില്‍ ‘ചാപ്പയടി’ തുടങ്ങീട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘താലിബാനിലേക്കുള്ള ദൂരം കുറഞ്ഞു.!
അന്‍വര്‍ വര്‍ഗീയവാദിയാണ്.!
സംഘികളുടെ സ്ഥിരം’ചാപ്പയടി ‘തുടങ്ങീട്ടുണ്ട്. അമ്മാതിരി കാര്‍ഡൊക്കെ അങ്ങ് കൈയ്യില്‍ വച്ചാല്‍ മതി. രണ്ട് തലമുറകളുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പാരമ്പര്യം എനിക്ക് പറയാനുണ്ട്. അതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുണ്ട്. ആ ചോര തന്നെയാണ് പി.വി.അന്‍വറിന്റെ സിരകളിലും ഓടുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് അബദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടികൊള്ളുന്നത് പോയിട്ട്, അവരുടെ തോക്കിന്റെ ലക്ഷ്യം തെറ്റി വെടിയുണ്ട കൊണ്ട് തലയില്‍ തേങ്ങ വീണു മരിച്ചതിന്റെ പേരില്‍ പോലും ഒരു അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്ത ഈ നാട്ടിലെ സംഘികളുടെ സര്‍ട്ടിഫിക്കറ്റ് പുത്തന്‍വീട്ടില്‍ ഷൗക്കത്തലിയുടെ മകന്‍ പി.വി.അന്‍വറിന് വേണ്ടടേ.
പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക തന്നെ വേണം. ഇത്തരം മാമൂലുകള്‍ ഒഴിവാക്കപ്പെടണം.. ന്തേ,’ പി.വി. അന്‍വര്‍ പറഞ്ഞു.
മഞ്ചേരി ടൗണ്‍ഹാളില്‍ മലപ്പുറം ജില്ലാതല പട്ടയമേളയില്‍ സംസാരിക്കവെയായിരുന്നു
പൊതുചടങ്ങില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുളള ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി. അന്‍വര്‍ പറഞ്ഞിരുന്നത്.
പട്ടയമേളയുടെ ഉദ്ഘാടനച്ചടങ്ങ് പ്രാര്‍ത്ഥനയോടെയാണ് തുടങ്ങിയത്. ഈ സമയം കാലിന് സുഖമില്ലാത്തൊരാള്‍ മറ്റൊരാളെ പിടിച്ചാണ് എഴുന്നേറ്റത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: PV Anvar has decided to avoid praying to God in public ceremonies