|

ലാല്‍ സാറിന്റെ മകനെന്താ ഇങ്ങനെയെന്ന് പലപ്പോഴും ചിന്തിക്കും: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍ വളരെ സിമ്പിളായി നടക്കുന്നത് കാണുമ്പോള്‍ മോഹന്‍ലാലിന്റെ മകനെന്താ ഇങ്ങനെയെന്ന് തനിക്ക് തോന്നാറുണ്ടെന്ന് നടി അനുശ്രീ. തന്റെ കാര്യങ്ങള്‍ മറ്റാരെയും കൊണ്ട് ചെയ്യിക്കാന്‍ പോലും പ്രണവ് സമ്മതിക്കില്ലെന്നും നടി പറഞ്ഞു. തറയിലിരിക്കാമോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും ബുദ്ധിമുട്ടാണെന്നും എന്നാല്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ പ്രണവ് തറയിലിരിക്കുമെന്നും അനുശ്രീ പറഞ്ഞു.

വളരെ സിമ്പിളായിട്ടുള്ള മനുഷ്യനാണ് അദ്ദേഹമെന്നും തന്റെ ജീവിതം വളരെ നന്നായി ആസ്വദിച്ചാണ് മുമ്പോട്ട് പോകുന്നതെന്നും എല്ലാവരും അങ്ങനെ തന്നെയാകണമെന്നും അവര്‍ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അപ്പു ചേട്ടന്‍ എത്ര സിമ്പിളായി നടന്നാലും നമ്മുടെ മനസില്‍ അദ്ദേഹം ലാല്‍ സാറിന്റെ മോനാണ്. ഇടക്ക് നമ്മളൊക്കെ ചിന്തിക്കാറുണ്ട് ലാല്‍ സാറിന്റെ മോനെന്താ ഇങ്ങനെ സിമ്പിളായിട്ട് നടക്കുന്നതെന്ന്. നമുക്ക് ചിലപ്പോള്‍ അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പുള്ളി ചിലപ്പോള്‍ ഇരുന്ന കസേരയിന്‍ നിന്നും എഴുന്നേറ്റ് പോകുമ്പോള്‍ കസേര സ്വയം എടുത്തോണ്ട് പോകുന്നത് കാണാം.

ഒരു കസേര പോലും നമ്മള്‍ ഇട്ടുകൊടുക്കാന്‍ പുള്ളി സമ്മതിക്കില്ല. എനിക്കൊക്കെ തന്നെ പ്രൊഡക്ഷന്റെ ആളുകള്‍ ഇരിക്കാന്‍ കസേരയൊക്കെ എടുത്ത് തരാറുണ്ട്. പുള്ളി അതുപോലും സമ്മതിക്കാറില്ല. തറയില്‍ ഒന്നിരിക്കാവോ എന്നൊക്കെ ചോദിച്ചാല്‍ ഇരിക്കണോ എന്ന ഭാവമായിരിക്കും നമുക്ക്.

എന്നാല്‍ പുള്ളി ഇതിന്റെ വിപരീതമാണ്. തറയില്‍ ഇരിക്കാമോ എന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ അപ്പു ചേട്ടന്‍ ഇരിന്നിട്ടുണ്ടാകും. അങ്ങനത്തെ ഒരു മനുഷ്യനാണ് അദ്ദേഹം. അതാണ് പുള്ളിയുടെ ഒരു ജീവിതരീതി. അതൊക്കെ നന്നായി ആസ്വദിച്ചാണ് പുള്ളി മുമ്പോട്ട് പോകുന്നത്.

ശരിക്കും അതൊക്കെ നല്ല രസമാണ്. എപ്പോഴും നമ്മള്‍ അങ്ങനെയായിരിക്കണം. അല്ലാതെ നമ്മള്‍ എന്തോ ആണ് എന്ന ധാരണയില്‍ നടന്നിട്ട് ഒരു കാര്യവുമില്ല. അപ്പു ചേട്ടന്റെ ജീവിതം ശരിക്കും അടിപൊളിയാണ്,’ അനുശ്രീ പറഞ്ഞു.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്വല്‍ത്ത് മാനാണ് അനുശ്രീയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. മോഹന്‍ലാലായിരുന്നു സിനിമയിലെ നായകന്‍. സൈജു കുറുപ്പ്, അതിഥി രവി, ചന്തുനാഥ്, അനു സിത്താര തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: anusree talks about pranav mohanlal