| Sunday, 17th November 2024, 4:19 pm

ലാലേട്ടന്‍ എപ്പോള്‍ കണ്ടാലും എന്നോട് ആ സിനിമയില്‍ അഭിനയിക്കാത്തതിനെ കുറിച്ചാണ് പറയുക: അനുശ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍ ഇപ്പോഴും തനിക്ക് പേടിയാണെന്ന് പറയുകയാണ് നടി അനുശ്രി. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറഞ്ഞാല്‍ വിറയല്‍ വരുമെന്നും അനുശ്രി പറയുന്നു.

ഇടക്ക് ഡയലോഗ് പറയുമ്പോള്‍ തെറ്റിപ്പോകുമെന്നും ഒന്നോരണ്ടോ ടേക്ക് പോകുമ്പോള്‍ പേടി വരാന്‍ തുടങ്ങുമെന്നും നടി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അനുശ്രി.

‘ഞാന്‍ ലാലേട്ടനോടൊപ്പം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ട്വല്‍ത്ത് മാന്‍, റെഡ് വൈന്‍, ഒപ്പം എന്നിവയായിരുന്നു ഞാന്‍ അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകള്‍. പിന്നെ ഞങ്ങള്‍ പത്തനംതിട്ടയില്‍ നിന്നാണ് വരുന്നത്.

അതുകൊണ്ട് ആദ്യം കാണുമ്പോള്‍ തന്നെ പത്തനംതിട്ടക്കാരി എന്ന സ്നേഹമാണ് അദ്ദേഹം എനിക്ക് നല്‍കുന്നത്. ഗണേശ് കുമാറിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതിന്റെ സ്നേഹവും എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിക്കാറുണ്ട്. കാരണം അവര് രണ്ടുപേരും തമ്മില്‍ മച്ചാന്‍ മച്ചാന്‍ ആണല്ലോ.

പക്ഷെ ലാലേട്ടന്‍ എപ്പോള്‍ കാണുമ്പോഴും എന്നാലും പുലിമുരുകനില്‍ അഭിനയിച്ചില്ലല്ലോയെന്ന് പറയും. അങ്ങനെയൊക്കെയാണ് ലാലേട്ടന്റെ സ്നേഹം. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളായി. എന്നിട്ടും ഇവരുടെയൊക്കെ കൂടെ അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക് വിറയല്‍ വരും.

പലപ്പോഴും ഡയലോഗ് പറയുമ്പോള്‍ തെറ്റിപ്പോകും. ഒന്നോരണ്ടോ ടേക്ക് പോകുമ്പോള്‍ പേടി വരാന്‍ തുടങ്ങും. ചെറിയ ഡയലോഗാണെങ്കില്‍ പോലും അങ്ങനെയാണ്. അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവര്‍ അത്ര വലിയ താരങ്ങളാണല്ലോ എന്ന തോന്നലുകൊണ്ടാണെന്ന് തോന്നുന്നു. മമ്മൂക്കയോടൊപ്പം ആണെങ്കിലും ഇങ്ങനെ തന്നെയാണ്,’ അനുശ്രി പറയുന്നു.

Content Highlight: Anusree Talks About Mohanlal And Pulimurugan Movie

We use cookies to give you the best possible experience. Learn more