സിനിമകള്‍ പരാജയപ്പെട്ടാലും അതിനെ കുറിച്ച് ഒരുപാട് ചിന്തിക്കുന്ന ആളല്ല താനെന്ന് നടി അനുശ്രീ. സിനിമയില്‍ അഭിനയിച്ച് പണം വാങ്ങി താന്‍ തിരിച്ചുപോരുമെന്നും അതിന്റെ പരാജയത്തിന്റെ ബാക്കി അനുഭവിക്കുന്നത് നിര്‍മാതാവായിരിക്കുമെന്നും താരം പറഞ്ഞു. സിനിമകള്‍ക്ക് പരാജയം സംഭവിക്കുമ്പോള്‍ നടിമാരെ അധികം ബാധിക്കാറില്ലെന്നും അനുശ്രീ പറഞ്ഞു.
എന്നാല്‍ ബിസിനസിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നടന്മാരെ സിനിമയുടെ പരാജയം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അനുശ്രീ പറഞ്ഞു. നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം നടന്മാരേക്കാളും കുറവാണെന്നും കാരണം ആളുകള്‍ സിനിമ കാണാന്‍ വരുന്നത് നടന്മാരുടെ പേരിലാണെന്നും നടി പറഞ്ഞു.
മഞ്ജു വാര്യരെ പോലെയുള്ള താരങ്ങളെ വിശ്വസിച്ച് സിനിമാ കാണാന്‍ വരുന്നവരുമുണ്ട്, അതിനാല്‍ സിനിമയുടെ പരാജയം അവരെയൊക്കെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അനുശ്രീ പറഞ്ഞു.
‘എന്റെ ഒരു സിനിമ പരാജയപ്പെട്ടാലും അതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചിരിക്കുന്ന ആളല്ല ഞാന്‍. ഷൂട്ട് കഴിഞ്ഞ് അതിന്റെ പെയിമെന്റ് വാങ്ങി നമ്മള്‍ തിരിച്ചുപോരും. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണം മുടക്കിയവര്‍ക്കുമായിരിക്കും നമ്മളേക്കാള്‍ ബുദ്ധിമുട്ട് ഉണ്ടാവുക.
സിനിമയുടെ പരാജയം നടിമാരെ അത്ര ബാധിക്കില്ല. നടന്മാര്‍ക്കായിരിക്കും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുക. ബിസിനസിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍, നടന്മാര്‍ക്ക് അവരുടെ അടുത്ത സിനിമയെ തന്നെയത് ബാധിക്കും. എന്റെയൊന്നും പൊസിഷനില്‍ നില്‍ക്കുന്നവര്‍ക്ക് അങ്ങനെയുള്ള പ്രശ്‌നമില്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കില്‍ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് സിനിമ കാണാന്‍ വരുന്ന ആളുകളുണ്ട്.
ഒരിക്കലും ഞാന്‍ അത്തരത്തിലുള്ള ഒരാളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ചിലപ്പോഴൊക്കെ ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിലും എന്നെ ബാധിക്കാറില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും അത്രയേയുള്ളു.
നടന്മാരുടെ പകുതി പ്രതിഫലം പോലും നടിമാര്‍ക്ക് കിട്ടുന്നില്ലെന്നത് വാസ്തവം തന്നെയാണ്. നടിമാരേക്കാള്‍ ആളുകള്‍ നോക്കുന്നത് നടന്മാരെയാണെന്നും അവരുടെ പേരിലാണ് ബിസിനസ് നടക്കുന്നതെന്നും മറ്റൊരു സത്യമാണ്. ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ ഉണ്ടാവും.
എന്നെ സംബന്ധിച്ച് സിനിമ പാഷനാണ്. അത് എന്റെ ജോലിയാണ്. അതിന് കാശ് കിട്ടിയാലേ ജീവിക്കാന്‍ പറ്റുകയുള്ളു. സിനിമ അല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് അറിയില്ല,’ അനുശ്രീ പറഞ്ഞു.
content highlight: anusree talks about manju warrier