സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ താന്‍ ചില ഡിവോഷണല്‍ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി അനുശ്രീ. ചോറ്റാനിക്കര അമ്പലത്തില്‍ തന്റെ പഴയ പോസ്റ്റര്‍ ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു. അന്നൊക്കെ ആല്‍ബം സോങ്ങിന് വേണ്ടി മാത്രം ഒരുപാട് പരിപാടികളുണ്ടായിരുന്നു എന്നും അനുശ്രീ പറഞ്ഞു.
പിന്നീടാണ് താന്‍ റിയാലിറ്റി ഷോയിലേക്ക് വന്നതെന്നും അവിടെ എത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയുടെ ഓഡീഷനില്‍ പങ്കെടുക്കാനാണ് താന്‍ ആദ്യമായി എറണാകുളത്ത് പോകുന്നതെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു.
‘റിയാലിറ്റി ഷോയില്‍ വരുന്നതിനും പത്ത് കൊല്ലമൊക്കെ മുമ്പ് ഞാന്‍ ഡിവോഷണല്‍ ആല്‍ബങ്ങളൊക്കെ ചെയ്യുമായിരുന്നു. അന്നൊക്കെ ഇറങ്ങുന്ന പല പാട്ടുകളിലും അമ്മേ നാരായണ എന്ന് പറഞ്ഞ് പാടുന്ന എന്നെ കാണാം. ഇപ്പോഴും ചിലപ്പോള്‍ അതൊക്കെ കാണുന്നുണ്ടാകും. ഞെട്ടണ്ട ഞാന്‍ തന്നെയാണ് അത്. അന്നൊക്കെ സ്‌കൂള്‍ വിട്ട് വന്നാല്‍ ആല്‍ബം സോങ്‌സ് കാണാന്‍ വേണ്ടി മാത്രമായി ഒരുപാട് പരിപാടികളുണ്ടായിരുന്നു.
ഇപ്പോഴും ചോറ്റാനിക്കര അമ്പലത്തിലെ കടകളില്‍ പണ്ട് ഞാന്‍ ചെയ്ത ആല്‍ബത്തിന്റെ പോസ്റ്ററുണ്ട്. ഇപ്പോഴും എടുത്ത് മാറ്റിയിട്ടില്ല. അടുത്തിടെ പോയപ്പോഴും ഞാന്‍ കണ്ടിരുന്നു. ആല്‍ബത്തില്‍ അഭിനയിക്കുന്ന സമയത്ത് അതിലെ ഒരു കൊറിയോഗ്രാഫര്‍ ചാനല്‍ റിയാലിറ്റി ഷോയും ചെയ്യുന്നുണ്ടായിരുന്നു. പുള്ളിക്കാരനാണ് എന്നോട് ഇങ്ങനൊരു റിയാലിറ്റി ഷോ വരുന്നുണ്ടെന്ന് പറഞ്ഞത്.
കൊച്ചിയില്‍ അതിന്റെ ഓഡീഷനുണ്ട് വരാന്‍ പറ്റുമോ എന്നും എന്നോട് ചോദിച്ചു. എനിക്ക് അന്ന് എറണാകുളം എന്ന് പറഞ്ഞാല്‍ അമേരിക്കയാണ്. അത്ര ദൂരെയൊന്നും വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് എന്റെ ചേട്ടന്‍ കൂടെയില്ല. സാധാരണ എല്ലായിടത്തും എന്നെ കൊണ്ടുപോകുന്നത് ചേട്ടനാണ്. അന്ന് ചേട്ടന്‍ ഗള്‍ഫിലായിരുന്നു.
ഒന്ന് വന്ന് നോക്കാന്‍ അയാള്‍ എന്നോട് പറഞ്ഞു. അങ്ങനെ സുഹൃത്തിന്റെ കൂടെ അമ്മയും ഞാനും എറണാകുളത്തേക്ക് പോയി. ഞാന്‍ ചെല്ലുന്നത് വൈകിട്ട് അഞ്ച് മണിക്കാണ്. അപ്പോഴേക്കും ബാക്കി കുട്ടികളൊക്കെ പോയിരുന്നു. ഞാന്‍ എന്റെ നാട്ടില്‍ നിന്നും അവിടെ എത്തിയപ്പോള്‍ ആ സമയം ആയതാണ്. കുറേ ഭാഗങ്ങള്‍ അഭിനയിക്കാന്‍ തന്നു. ഡാന്‍സ് കളിപ്പിച്ചു, ഡയലോഗും പറയിപ്പിച്ച് നോക്കി. അത് കഴിഞ്ഞ് ഞാനിങ്ങ് പോന്നു. രണ്ടാഴ്ച കഴിഞ്ഞ് ഞാനും എന്റെ കസിന്‍ സിസ്റ്ററും മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്, സെലക്ടായി എന്നും പറഞ്ഞു,’ അനുശ്രീ പറഞ്ഞു.
content highlight: anusree talks about her first reality show experience