| Sunday, 22nd September 2024, 4:25 pm

എനിക്കെപ്പോഴും എന്റെ ആ അഭിനയം കാണുമ്പോള്‍ ചിരിയും ചമ്മലും വരും: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് അനുശ്രീ. ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ എന്നീ സിനിമകളിലൂടെ അവര്‍ മുന്‍നിര നടിയായി ഉയര്‍ന്നു. അനുശ്രീ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം കഥ ഇന്നുവരെ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയിരുന്നു.

താന്‍ ചെയ്ത സിനിമ എപ്പോള്‍ കണ്ടാലും ചിരിയാണ് വരുന്നതെന്ന് അനുശ്രീ പറയുന്നു. എന്തൊക്കയാണ് കാണിച്ചുകൂട്ടുന്നതെന്ന് തോന്നുമെന്നും അനുശ്രീ പറയുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് ചെയ്ത റിയാലിറ്റി ഷോയിലെ തന്റെ പെര്‍ഫോമന്‍സ് കണ്ടാലും ഒരു മാസം മുമ്പുള്ള സിനിമ കണ്ടാലും തനിക്ക് അങ്ങനെത്തന്നെയാണ് തോന്നുന്നതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഇപ്പോള്‍ ഈ അടുത്ത് ചെയ്ത കഥ ഇന്നുവരെ എന്ന സിനിമയിലും എന്നെ കാണുമ്പോള്‍ എനിക്കെപ്പോഴും ചമ്മലും ചിരിയൊക്കെയാണ് വരുന്നത്. എന്തൊക്കെയാ ഈ കാണിക്കുന്നേ എന്ന തോന്നലാണ്. എനിക്ക് മാത്രമല്ല പലര്‍ക്കും അവര്‍ അഭിനയിക്കുന്നത് സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ ഇതുതന്നെ ആയിരിക്കും.

നമുക്കൊരിക്കലും നമ്മള്‍ അഭിനയിച്ചത് കാണുമ്പോള്‍ ഓക്കേ ആയി തോന്നില്ല. അതിപ്പോള്‍ ഒരാഴ്ച മുന്നേ ചെയ്ത സിനിമയായാലും ഒരു മാസം മുന്നേ ചെയ്ത സിനിമയായാലും നമ്മള്‍ ചെയ്യുമ്പോള്‍ അത് കണ്ട് കഴിഞ്ഞാല്‍ അയ്യോ അതങ്ങ് ഒത്തില്ല, ശരിയായില്ല എന്ന തോന്നലുണ്ടാകും.

അതിപ്പോള്‍ പന്ത്രണ്ട് വര്‍ഷം മുന്നേ ഞാന്‍ ചെയ്ത റിയാലിറ്റി ഷോയുടെ പെര്‍ഫോമന്‍സ് കണ്ടാലും പിന്നെ ഇതുവരെ ചെയ്ത് വെച്ചിട്ടുള്ള മൂവി കണ്ടാലും, എനിക്കെപ്പോഴും എന്റെ അഭിനയം കാണുമ്പോള്‍ ഭയങ്കര ചിരിയും ചമ്മലും തോന്നും. ഞാന്‍ കരയുന്നത് കണ്ടാല്‍ എനിക്ക് ചിരിയും, ചിരിക്കുന്നത് കണ്ടാല്‍ കരച്ചിലും വരും എന്നുള്ളതാണ് സത്യം,’ അനുശ്രീ പറയുന്നു.

Content Highlight: Anusree Talks About Her Acting

We use cookies to give you the best possible experience. Learn more