2018ല്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയായി വേഷമിട്ടതിന് പിന്നാലെ നടി അനുശ്രീക്കെതിരെ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. അനുശ്രീ സംഘപരിവാര്‍ അനുകൂലിയാണെന്ന് ആരോപണങ്ങളും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവമില്ലെന്നും ചെറുപ്പം മുതലേ നാട്ടില്‍ നടക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു എന്നും അന്ന് അനുശ്രീ വിശദീകരണം നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഈ സംഭവത്തില്‍ പ്രതികരിക്കുകയാണ് നടി. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഭാരതാംബയായാല്‍ അപ്പോള്‍ പിടിച്ച് സംഘിയാക്കും. എനിക്ക് സത്യം പറഞ്ഞാല്‍ രാഷ്ട്രീയത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഗണേഷേട്ടനെ എനിക്ക് അറിയാം. പിന്നെ ഷാഫി പറമ്പില്‍ എം.എല്‍.എയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ കുറച്ച് പേര് അറിയാമെന്നല്ലാതെ വേറൊന്നും അറിയില്ല. ഞാനൊരു ഹിന്ദുകുട്ടി ആയതുകൊണ്ടും എന്റെ വീട് ഒരു അമ്പലത്തിന്റെ പരിസരമയതുകൊണ്ടും അമ്പലത്തിന്റെ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആയിട്ട് നില്‍ക്കുന്ന ഒരാളാണ് ഞാന്‍.
രാഖി കെട്ടുന്നത്, അന്നദാനം പോലെയുള്ള പരിപാടികള്‍ ചെയ്യുന്നത് എ.ബി.വി.പിയുടെ ചേട്ടന്മാര്‍ ആയിരിക്കും. ഇതൊക്കെ കോണ്‍ഗ്രസ് അനുഭാവമുള്ളവരോ കമ്മ്യൂണിസ്റ്റ് അനുഭാവികളോ ചെയ്തിരുന്നെങ്കില്‍ ഞാന്‍ അതിലായി പോയേനെ. ഞങ്ങളുടെ നാട്ടില്‍ ഇതൊക്കെ ചെയ്യുന്നത് എ.ബി.വി.പി ചേട്ടന്മാരായിപ്പോയി.
ഭാരതാംബ ആവുന്നതിന് മുമ്പേ അവിടെ കൃഷ്ണനാവുന്നതും രാധയാവുന്നതുമൊക്കെ ഞങ്ങളാണ്. പക്ഷേ അന്ന് ഞാന്‍ സിനിമാ നടി ആയിരുന്നില്ല. അന്ന് ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. അന്നും എനിക്ക് ഒരു രാഷ്ട്രീയവുമില്ല. ഞങ്ങളിതിനെ ഞങ്ങളുടെ അമ്പലത്തിന്റെ പ്രോഗ്രാമായിട്ടാണ് കാണുന്നത്. അമ്പലത്തില്‍ ഭാരതാംബയാവണമെങ്കില്‍ ഞാന്‍ ഭാരതാംബയാവും. കൃഷ്ണനോ രാധയോ ആവണമെങ്കില്‍ അതാവും.
പേടിച്ചിട്ട് ഞാനൊന്നും ചെയ്യാതിരുന്നില്ല. എന്റെ അമ്പലത്തിലെ പരിപാടിയില്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ഫ്രീ ആണെങ്കില്‍ അത് ചെയ്തുകൊടുക്കും. അത് എന്റെ സ്വാതന്ത്ര്യമാണ്. അതില്‍ ഒരിക്കലും ഒരു രാഷ്ട്രീയ പശ്ചാത്തലമില്ല,’ അനുശ്രീ പറഞ്ഞു.
Content Highlight: anusree talks about being part of balahokulam program