കോഴിക്കോട്: ഈരാറ്റുപേട്ടയില്‍ രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ സംഘി എന്ന് വിളിച്ച് വയലന്റായി ബഹളം വെച്ചെന്ന് പറഞ്ഞ സിനിമാ നടി അനുശ്രീക്കെതിരെ സോഷ്യല്‍ മീഡിയല്‍ പ്രതിഷേധം. എല്ലാ വിഭാഗം മലയാള സിനിമാ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഒരു നടിയായിരുന്നു അനുശ്രീ എന്നും പക്ഷേ ആര്‍.എസ്.എസ് വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താവായി നടത്തിയ ആ ലൈവ് പ്രകടനത്തിലൂടെ അത് കളഞ്ഞുകുളിച്ചു എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം
“സംഘിയല്ലാത്ത വെറും അമ്പലത്തില്‍ പോകുന്ന ഹിന്ദുവായ ഒരു സെലിബ്രിറ്റിക്ക് കാറില്‍ ഇരിക്കാന്‍ പോലുമാവാത്ത വിധം പള്ളിയില്‍ പോകുന്ന ചെറുപ്പക്കാര്‍ അലോസരമുണ്ടാകുന്നു എന്ന പറച്ചിലിലുണ്ട് അസ്സല്‍ മോഹന്‍ദാസ്ജി സ്‌റ്റൈല്‍. പള്ളിയില്‍ നിന്ന് ഇറങ്ങുന്ന രണ്ട് പേര്‍ അങ്ങനെ വല്ലാതെ ആക്രോശികുന്ന നാടാണോ ഇത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആരോടാണ് ഈ ആക്രോശമെന്ന് ശ്രദ്ധികാതെ നടന്ന് പോകുന്നവരാണോ പള്ളിയില്‍ നിന്ന് ഇറങ്ങിയ മറ്റുള്ളവര്‍. ശാഖയില്‍ പോകുന്നവരൊക്കെ ഈ കേരളത്തില്‍ ജീവിക്കുന്നത് ഈ “തീവ്രവാദികളുടെ” തുറിച്ച് നോട്ടത്തിന്റെ മുമ്പില്‍ പേടിച്ച് മൂത്രം ഒഴിച്ചിട്ടാണോ”. എന്നാണ് മിക്കയാളുകളും കമന്റിട്ടിരിക്കുന്നത്.
സംഘിയാണെന്ന സംശയത്തില്‍ പോലും കേരളത്തില്‍ ഒരു നടിക്ക് ഒറ്റക്ക് നടക്കാനാവില്ലെന്ന് വിളിച്ച് പറഞ്ഞ അനുശ്രീയില്‍ അന്യമത വിരോധം കത്തുന്നുണ്ടെന്നും കുമ്മനത്തേക്കാള്‍ ടി ജി മോഹന്‍ദാസിനേക്കാള്‍ വിഷം ഉള്ളിലേറ്റിയാണ് അനുശ്രീ സംസാരിക്കുന്നതെന്നും സൈക്കിള്‍ ഓടിക്കുന്ന ബാലന്‍സിങുമായി ലൈസന്‍സ് എടുക്കാന്‍ ഫെയ്‌സ് ബുക്ക് വഴി ശ്രമിക്കുന്നത് ബോറാണെന്നും വിമര്‍ശനമുണ്ട്.
“അനുശ്രീ സംഘി ആണൊ അല്ലയൊ എന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. അച്ചടക്കമുള്ളവരായി വളരാന്‍ കുട്ടികള്‍ കറക്റ്റായിട്ട് ബാലഗോഗുലത്തില്‍ പോകണം എന്ന് ഉപദേശിക്കുന്ന അനുശ്രീയുടെ രാഷ്ട്രീയം എന്താന്ന് അവര്‍ പറഞ്ഞ് തരേണ്ട ആവശ്യം ഇല്ല. ദുര്‍ഗ്ഗാ വാഹിനിയുടെ അംഗമാകുന്നത് മോശം കാര്യം തന്നെയാണ്. പക്ഷേ അതിനെ അസത്യങ്ങള്‍ കൊണ്ട് മറച്ച് വയ്ക്കുന്നത് അതിലും മോശമാണ്. ചാണകവും ചാണകപുഴുവും ഒന്നും അത്ര മോശപ്പെട്ട കാര്യമല്ല. പക്ഷേ അങ്ങനെ ഒന്നില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അശ്ലീലമാണ്”. എന്നാണ് ശിവ മന്നാടിയാര്‍ കമന്റിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അനുശ്രി ലൈവില്‍ വന്ന് വിദ്വേഷ പരാമര്‍ശം നടത്തിയത്. “എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഈരാറ്റുപേട്ടയില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ ഭക്ഷണം വാങ്ങിക്കാന്‍ ഞാന്‍ വണ്ടി നിര്‍ത്തി. എന്റെ സഹോദരന്‍ ഭക്ഷണം വാങ്ങാന്‍ പോയി. ഞാന്‍ വണ്ടിയിലിരിക്കുകയായിരുന്നു. അവിടെ ഒരു മുസ്ലിം പള്ളിയുടെ അടുത്താണ് വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത്.. കുറച്ച് പേര്‍ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ എന്ന് വിളിക്കുന്നുണ്ടായിരുന്നു,എന്നാല്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചിറങ്ങിയ ആളുകളായിരക്കാം രണ്ട് പയ്യന്‍മാര്‍ ബൈക്കില്‍ വന്ന് അവള്‍ സംഘിയാടാ എന്ന് പറഞ്ഞ് വയലന്റ് ആയി ബഹളം വയ്ക്കുന്നുണ്ടായിരുന്നു. എന്തോ ഭീകരവാദികളെ കാണുന്ന പോലെയാണ് അവര്‍ പെരുമാറിയത്. അപ്പോള്‍ ഞാന്‍ ആലോചിച്ചു. രാത്രിയിലൊക്കെ ആണ് ഞാന്‍ ഇങ്ങനെയുള്ള ആള്‍ക്കാരുടെ മുന്നില്‍ പെട്ടതെങ്കില്‍ എന്നെ കൊന്നു കളയില്ലേ എന്ന് വരെ ചിന്തിച്ചു” എന്നായിരുന്നു അനുശ്രി പറഞ്ഞത്.