| Tuesday, 9th May 2023, 11:37 pm

ഇപ്പോള്‍ കാണുന്നവരുടെ വിചാരം ഷൈന്‍ ഇങ്ങനെയാണെന്നാണ്; മിതഭാഷിയായ ഷൈനിനെയാണ് എനിക്ക് അറിയുന്നത്: അനുശ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കായും അനുശ്രീയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ഇതിഹാസ. ഇതിഹാസയില്‍ അഭിനയിക്കുന്ന സമയത്തും ഇപ്പാഴും ഉള്ള ഷൈനിനെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രി. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഷൈനിന് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

അദ്ദേഹത്തെ നേരിട്ട് അറിയാവുന്നവര്‍ക്ക് മാത്രമേ ഈ മാറ്റം മനസിലാകുകയുള്ളൂവെന്നും അനുശ്രി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഷൈനിനെ കാണുമ്പോള്‍ ശരിക്കും എനിക്ക് ചിരി വരാറുണ്ട്. പുള്ളിക്കാരന്‍ ചിരിച്ച് കൊണ്ട് പറയുന്ന പല കാര്യങ്ങളും ഉള്ള കാര്യങ്ങളാണ്. ആദ്യം കാണുമ്പോള്‍ ഷൈന്‍ എന്താ ഇങ്ങനെ എന്ന് തോന്നും.

എനിക്ക് അറിയാവുന്ന ഒരു ഷൈന്‍ ഉണ്ട്. 2014- 15ലെ ഷൈന്‍. അതില്‍ നിന്നും ഇപ്പോള്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. അവന്റെ കഴിവ് വെച്ചിട്ടുള്ള ഇംപ്രൂവ്‌മെന്റ് ആണെങ്കിലും, അഭിനയമാണെങ്കിലും, സംസാരവും, കൗണ്ടറുകളൊക്കെയാണെങ്കിലും ഭയങ്കര വ്യത്യാസമാണ്.

ചിലപ്പോള്‍ അത് നേരിട്ട് കണ്ടിട്ടുള്ളവര്‍ക്കായിരിക്കും വ്യത്യാസം മനസിലാകുക. ഇപ്പോള്‍ കാണുന്ന ആളുകളുടെ വിചാരം ഷൈന്‍ ഇങ്ങനെയാണെന്നായിരിക്കും.

ഒരേ ഇന്നോവയില്‍ ലൊക്കേഷനിലേക്ക് പോകുക, കുറച്ച് സമയം ഫ്രീയാണെങ്കില്‍ ഞാന്‍ ഉറങ്ങുവാണേയെന്ന് പറഞ്ഞ് ഫ്രണ്ടിലെ സീറ്റില്‍ സീറ്റ് മടക്കി ചുരുണ്ടുകൂടി കിടന്നുറങ്ങുക, ആവശ്യത്തിന് മാത്രം സംസാരിക്കുക തുടങ്ങിയ മിതഭാഷിയായിട്ടുള്ള ഷൈനിനെയാണെനിക്ക് അറിയുന്നത്.

ഇതിഹാസയില്‍ പെണ്ണിന്റെ ക്യാരക്ടര്‍ അവന്‍ ചെയ്തത് കൊണ്ട് അങ്ങനെ നടക്കാന്‍ ആണ് അവന്‍ പഠിച്ചോണ്ടിരുന്നത്. എന്റെ വിഷ്വല്‍ മൊത്തം അങ്ങനെയാണ്. ആ ഷൈന്‍ ആണ് നമ്മുടെയൊക്കെ മനസിലുള്ളത്,’ അനുശ്രി പറഞ്ഞു.

ഷൈനിന്റെ മാനറിസങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടമാകില്ലെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്നും അവര്‍ പറഞ്ഞു.

‘ഫോണ്‍ എറിയുന്ന വീഡിയോസാണെങ്കിലും ഇവന്‍ എന്താ കാണിക്കുന്നത് എന്ന് തോന്നും. എന്നാല്‍ ഇവന്‍ പറയുന്നതൊക്കെ സത്യമാണ്. എപ്പോഴും അവന്റെ ഇന്റര്‍വ്യൂസ് കാണുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍ ഈയിടക്ക് ഏറ്റവും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്നയാള്‍ ഷൈനാണെന്ന് തോന്നും,’ അവര്‍ പറഞ്ഞു.

content highlight: anusree about shine tom chacko

We use cookies to give you the best possible experience. Learn more