വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പറയുകയാണ് നടി അനുശ്രീ.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി നോക്കിയിരുന്നാല്‍ അവിടെ തന്നെയിരുന്ന് പോകുമെന്നും അത്തരത്തിലുള്ള തീരുമാനങ്ങളൊന്നും താന്‍ എടുത്തിട്ടില്ലെന്നും താരം പറഞ്ഞു. താന്‍ ചെയ്ത പല കഥാപാത്രങ്ങളും നാടന്‍ കുട്ടി ഇമേജിലുള്ളതാണെന്നും അതില്‍ നിന്നും വ്യത്യസ്തമായി ചുരുക്കം സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ കൂട്ടിച്ചേര്‍ത്തു.
‘എല്ലാം വ്യത്യസ്തമായി ചെയ്യണമെന്ന് വിചാരിച്ച് കൊണ്ടിരുന്നാല്‍ ചിലപ്പോള്‍ നമ്മള്‍ അവിടെയിരുന്ന് പോകും. ഇങ്ങനെയുള്ള കഥാപാത്രം വന്നാല്‍ മാത്രമെ ഞാന്‍ ചെയ്യുന്നുള്ളു എന്ന തീരുമാനം ഒന്നും ഞാനെടുത്തിട്ടില്ല. കൂടുതലായിട്ടും ഞാന്‍ ചെയ്തിട്ടുള്ളത് നാടന്‍ കഥാപാത്രങ്ങളാണ്. വ്യത്യസ്തമായതെന്ന് പറയുമ്പോള്‍ ഇതിഹാസയോ, ട്വല്‍ത്ത് മാനോ പോലെയുള്ള വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്.
ബാക്കി എല്ലാം ഒരു പാവം കുട്ടി ഇമേജിലുള്ള കഥാപാത്രങ്ങളാണ്. എന്നാല്‍ എന്റെ കരിയറില്‍ വ്യത്യസ്തമായി ചെയ്ത കഥാപാത്രങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ നാലഞ്ച് കഥാപാത്രങ്ങളെങ്കിലും ഉണ്ട്. അതിലെനിക്ക് സന്തോഷമുണ്ട്. കള്ളനും ഭഗവതിയിലെയും പ്രിയാമണി ഈ പറഞ്ഞതുപോലെ പാവം കുട്ടിയാണ്. അവളും അമ്മയും ഒരുമിച്ച് താമസിക്കുന്നു. അവളുടേതായ ലോകം സുഖം സന്തോഷം അങ്ങനെ ഒരു രീതിയില്‍ പോകുന്നയാളാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാത്തപ്പനുമായി പരിചയപ്പെടുന്നത്. സത്യത്തില്‍ മാത്തപ്പന്‍ എങ്ങനെയാണ് കള്ളന്‍ മാത്തപ്പനായി എന്ന് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പ്രിയാമണി വഴിയാണ്. പിന്നീട് നമ്മുടെ കഥയിലേക്ക് ഭഗവതി വരാന്‍ സാഹചര്യമൊരുക്കുന്നതും എന്റെ കഥാപാത്രം വഴിയാണ്. സിനിമയില്‍ അത്യാവശ്യം പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് ചെയ്തിട്ടുള്ളത്,’ അനുശ്രീ പറഞ്ഞു.
content highlight: Anusree about her movies