മുംബൈ: കഴിഞ്ഞ കുറച്ചുനാളായി ബോളിവുഡില്‍ കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് പതിവാണ്. മില്‍ഖാ സിംഗിന്റെയും മേരികോമിന്റെയും സച്ചിന്റെയും ധോണിയുടെയുമെല്ലാം കഥ പറഞ്ഞ സിനിമകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.
മിതാലി രാജ്, സൈന നെഹ്‌വാള്‍ തുടങ്ങിയവരുടെ ജീവിതം പറയുന്ന സിനിമകളും ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ താരത്തിന്റെ ജീവിതം കൂടി സിനിമയാകുകയാണ്.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരമായിരുന്ന ജൂലന്‍ ഗോസ്വാമിയുടെ ജീവചരിത്രമാണ് സിനിമയാകാന്‍ ഒരുങ്ങുന്നത് ‘ചക്ദാ എക്സപ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേസിത് റോയ് ആണ്.
ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് ജൂലന്‍ ഗോസ്വാമിയായി വെള്ളിത്തിരയില്‍ എത്തുന്നത്. അനുഷ്‌ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് അറിയിച്ച് വീഡിയോയും അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് അനുഷ്‌ക ശര്‍മ എത്തുന്ന സിനിമയാണ്
‘ചക്ദാ എക്സപ്രസ്’ ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് റിലീസായിരിക്കും സിനിമ എന്നാണ് സൂചന. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു ജൂലന്‍ ഗോസ്വാമി.
2017 ലാണ് തന്റെ ജീവിതം സിനിമയാക്കാന്‍ അനുവാദം ജൂലന്‍ നല്‍കുന്നത്. ഇതിനുമുമ്പും ജീവചരിത്രസിനിമകള്‍ എടുക്കാന്‍ പലരും സമീപിച്ചിരുന്നെന്നും ഇപ്പോഴാണ് അതിനു സമയമായതെന്നും ജൂലന്‍ ഗോസ്വാമി പ്രതികരിച്ചിരുന്നു.
പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ചദ്കായിലാണ് ഗോസ്വാമിയുടെ ജനനം. വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ആദ്യമായി 200 വിക്കറ്റ് നേടിയ താരവും ജൂലന്‍ ഗോസ്വാമിയാണ്.
വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളുടെയും ഉടമയായ ജൂലന്‍ ക്രിക്കറ്റിന്റെ മൂന്ന് പതിപ്പിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യന്‍ ബൗളറും കൂടിയാണ്.